അർജുൻ ജയരാജിനു പരുക്കാണ്; ഒഴിവാക്കിയതല്ല: വിവാദങ്ങളോട് പ്രതികരിച്ച് എൽക്കോ ഷട്ടോരി

ബ്ലാസ്റ്റേഴ്സിൻ്റെ 25 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ടീമിൽ ഉൾപ്പെട്ടവരെക്കാൾ ടീമിൽ ഉൾപ്പെടാതിരുന്ന ഒരാളാണ് ചർച്ചയായത്. മലയാളി മിഡ് ഫീൽഡർ അർജുൻ ജയരാജ് എന്തുകൊണ്ട് ടീമിൽ ഉൾപ്പെട്ടില്ലെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കഴിഞ്ഞ സീസണുകളിൽ ഗോകുലം കേരളയുടെ മധ്യ നിരയുടെ ജീവനാഡിയായിരുന്ന അർജുനെ ഒഴിവാക്കിയത് ആരാധകർ ചോദ്യം ചെയ്തു. ഇതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി ഷട്ടോരി തന്നെ രംഗത്തെത്തി.
മറ്റൊന്നും കൊണ്ടല്ല, പരുക്ക് കാരണമാണ് അർജുൻ ടീമിൽ ഇടം നേടാതിരുന്നതെന്നാണ് ഷട്ടോരിയുടെ വിശദീകരണം. പരിക്കിൽ നിന്നു മുക്തനാവാത്തതിനാൽ സീസൺ തുടക്കത്തിൽ അർജുൻ ടീമിനൊപ്പം ഉണ്ടാവില്ല. പരിക്ക് ഭേദമാകുന്ന മുറയ്ക്ക് അദ്ദേഹം ടീമിലെത്തുമെന്നും ഷട്ടോരി പറഞ്ഞു. ടീമിലെ രണ്ട് വിദേശതാരങ്ങളും പരിക്കിൻ്റെ പിടിയിലാണെങ്കിലും സീസൺ ആരംഭിക്കുന്നതിനു മുൻപ് അവരുടെ പരിക്ക് ഭേദമാവുമെന്നും അദ്ദേഹം അറിയിച്ചു.
മരിയോ ആർക്കസും ജൈറോയുമാണ് പരിക്കിലായ വിദേശ താരങ്ങൾ.
ഒക്ടോബർ 20 മുതലാണ് സീസൺ ആരംഭിക്കുക. എടികെയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ കൊച്ചിയിലാണ് ഉദ്ഘാടന മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here