വള്ളം കളി കാണണോ? എങ്കിൽ കൊച്ചിക്ക് പോന്നോളൂ

വള്ളം കളി ഇനി കൊച്ചിക്കാർക്കു കൂടെ സ്വന്തമാവുകയാണ്. നീണ്ട 27വർഷത്തിനു ശേഷം കൊച്ചി മറൈൻഡ്രൈവ് ചുണ്ടൻവള്ളംകളിക്ക് വേദിയാവുകയാണ്. ഐപിഎൽ ക്രിക്കറ്റ് മാതൃകയിൽ ഏർപ്പെടുത്തിയ വള്ളംകളിയുടെ അഞ്ചാമത് മത്സരമാണ് കൊച്ചി കായലിൽ ശനിയാഴ്ച നടക്കുന്നത്.
1992 ലാണ് മറൈൻഡ്രൈവിലെ വള്ളംകളിക്ക് കൊച്ചി സാക്ഷ്യം വഹിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥമാണ് മറൈൻ ഡ്രൈവിൽ വള്ളം കളി ആരംഭിച്ചത്. പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധിയും ഭാര്യ സോണിയ ഗാന്ധിയും മറൈൻഡ്രൈവിലെ വള്ളംകളി കാണാനെത്തിയത്. കൊച്ചിക്കാർ ഇന്നും കൗതുകത്തോടെയാണ് ഓർക്കുന്നത്.
ഗോശ്രീ പാലത്തിനും മറൈൻഡ്രൈവ് ജെട്ടിയ്ക്കും ഇടയിലുള്ള 960 മീറ്ററിലാണ് മത്സരം നടക്കുന്നത്. മറൈൻഡ്രൈവ് വാക്ക് വേയിലുംജങ്കാറിലുമായി ആളുകൾക്ക് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വള്ളംകളിക്കിടെ വിനോദ പരിപാടികളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ സംഗീത ബാൻഡായ അവിയലിന്റെ സംഗീത പരിപാടി, ചവിട്ടുനാടകം, മോഹിനിയാട്ടം, കഥകളി, വേലകളി എന്നിവയും ഒരുക്കിയിട്ടുണ്ട്.
സെക്കന്റുകളുടെ സൂക്ഷ്മാംശത്തിലാണ് പല മത്സരങ്ങളുടെയും ഫലം നിർണയിക്കപ്പെടുന്നതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബാലകിരൺ പറഞ്ഞു. ഇരുട്ടുകുത്തി, വെപ്പ്, തുടങ്ങിയ കളിവള്ളങ്ങളും മത്സരത്തിൽ അണിനിരക്കും. ചുണ്ടൻ വള്ളങ്ങളുടെ വരവ് മത്സരത്തിന് ആവേശം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ബുക്ക് മൈ ഷോയിലൂടെ ഓൺലൈനായി ടിക്കറ്റുകൾ സ്വന്തമാക്കാം. ഇതിനു പുറമേ മത്സരവേദികളിൽ 20 ടിക്കറ്റ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 200 മുതൽ 2000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here