ശ്മശാനത്തിലേക്ക് സവർണ്ണർ പ്രവേശനം നിഷേധിച്ചു; മൃതദേഹവുമായി മഴയത്ത് കാത്തുനിന്ന് ദളിത് കുടുംബം: വീഡിയോ

ശ്മശാനത്തിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് കനത്ത മഴയിൽ മൃതദേഹവുമായി കാത്തു നിന്ന് ദളിത് കുടുംബം. തമിഴ്നാട്ടിലെ മധുരയിൽ സുബ്ബലപുരത്തിലാണ് സംഭവം നടന്നത്. 50കാരനായ ഷണ്മുഖവേൽ എന്നയാളുടെ മൃതദേഹവുമായി വന്ന ദളിതരെയാണ് സവർണ്ണ ജാതിക്കാർ ശ്മശാനത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്നത്. കനത്ത മഴയിൽ മൃതദേഹം ദഹിപ്പിക്കാൻ കഴിയാതെ നിലവിളിക്കുന്ന ഇവരുടെ വീഡിയോ പ്രചരിക്കുന്നുണ്ട്.
“ശക്തമായി മഴ പെയ്യുകയാണ്. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. സഹായിക്കണം”- തൊഴുകൈകളോടെ വീഡിയോയിൽ ഒരാൾ പറയുന്നു. “ഞങ്ങൾക്കെതിരെ വിവേചനമാണ് നടക്കുന്നത്. അവർക്ക് സൗകര്യങ്ങളുണ്ട്. ഞങ്ങളെ നോക്കൂ, മഴയത്ത് നിൽക്കുകയാണ്. എൻ്റെ സഹോദരനാണ് അത്. അവരുടെയും ഞങ്ങളുടെയും ശ്മശാനങ്ങൾ നോക്കൂ. ഈ സർക്കാർ എന്താണ് ചെയ്യുന്നത്?”- മറ്റൊരാൾ ചോദിക്കുന്നു.
ഷണ്മുഖവേലിൻ്റെ മൃതദേഹവുമായി തങ്ങളുടെ പരമ്പരാഗത ശ്മശാനത്തിലേക്കാണ് ഇവർ ആദ്യം എത്തിയത്. ശക്തമായ മഴ പെയ്തതോടെ ഇവർ ഒരുക്കിയ ചിത കെടാൻ തുടങ്ങി. പലവട്ടം ചിതയൊരുക്കിയെങ്കിലും അപ്പോഴൊക്കെ ചിത കെട്ടു. ഇതോടെ അടുത്തുണ്ടായിരുന്ന സവർണ്ണരുടെ ശ്മശാനം ഉപയോഗിക്കാൻ സാധിക്കുമോ എന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ സവർണ്ണർ ഇവർക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
50 ദളിതരാണ് ഗ്രാമത്തിൽ ഉള്ളത്. റെഡ്ഡിയാർ ജാതിയിൽ പെട്ട 150 സവർണ്ണരും ഇവിടെയുണ്ട്. രണ്ട് കൂട്ടർക്കും വെവ്വേറേ ശ്മശാനങ്ങളുണ്ട്. ദളിതർക്ക് തുറന്ന ശ്മശാനവും സവർണ്ണർക്ക് മഴ പെയ്താലും ശരീരം ദഹിപ്പിക്കാൻ കഴിയും വിധത്തിൽ ചെറിയ ഷെഡുകളോടു കൂടിയ ശ്മശാനവുമാണ് ഉള്ളത്. ഇരു ശ്മശാനത്തെയും തമ്മിൽ വേർതിരിക്കുന്നത് ഇടയിലെ വലിയ മതിലാണ്.
മൃതദേഹം പകുതി കരിഞ്ഞപ്പോഴാണ് മഴ പെയ്തത്. ശ്മശാനത്തിൽ പ്രവേശിക്കാൻ സവർണ്ണർ അനുവദിക്കാതിരുന്നതോടെ ഒരു വൈക്കോൽ പായ കൊണ്ട് മൃതദേഹത്തിൽ മഴവെള്ളം വീഴാതെ സൂക്ഷിച്ച് അവർക്ക് സംസ്കാര കർമ്മങ്ങൾ നടത്തേണ്ടി വന്നു.
വിഷയം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചു എന്ന് ദളിതർ പറയുന്നു. സവർണ്ണരുടെ ശ്മശാനത്തിൽ ദളിതർ മൃതദേഹം സംസ്കരിക്കാനൊരുങ്ങിയതാണ് പ്രശ്നമെന്ന് ആരോപിച്ച് അവരെ പ്രതിക്കൂട്ടിലാക്കാനാണ് പൊലീസ് ശ്രമിച്ചത്.
No dignity in death: Dalit community in Madurai struggles to conduct funeral in rain. The burial grounds for caste Hindus, they allege, are separate and with better facilities. @thenewsminute pic.twitter.com/HJjclG8jPL
— priyankathirumurthy (@priyankathiru) September 2, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here