ഏഴ് മാസം, പത്ത് മത്സരങ്ങൾ: എവേ ജയമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കഷ്ടകാലത്തിന് അറുതിയില്ല. റെഡ് ഡെവിൾസ് എന്ന് വിളിപ്പേരുള്ള, ലോകത്തിലെ തന്നെ ഏറ്റവുമധികം ആരാധകരുള്ള ക്ലബുകളിലൊന്നായ മാഞ്ചസ്റ്റർ ഒരു എവേ മത്സരം ജയിച്ചിട്ട് ഏഴ് മാസങ്ങൾ പിന്നിടുകയാണ്. നാണക്കേടിൻ്റെ റെക്കോർഡിലേക്കാണ് മാഞ്ചസ്റ്ററിൻ്റെ കുതിപ്പ്. ഇന്നലെ ഡച്ച് ക്ലബ് അൽക്മാറിനോട് ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ് മാഞ്ചസ്റ്റർ ജയമില്ലാ എവേ പോരാട്ടങ്ങൾ പത്തിലേക്ക് വർധിപ്പിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് മാഞ്ചസ്റ്റർ അവസാനമായി ഒരു എവേ മത്സരം ജയിച്ചത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്ജിയെ പാരീസിൽ ചെന്ന് കീഴ്പ്പെടുത്തിയ മാഞ്ചസ്റ്റർ പിന്നീട് കളിമറന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പാരിസ് ക്ലബിനെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ എവേ ഗോൾ ആനുകൂല്യത്തിൽ സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. ആ മാസാവസാനത്തിൽ സോൾഷേറിനെ താത്കാലിക പരിശീലകൻ എന്ന നിലയിൽ നിന്ന് സ്ഥിരം പരിശീലകനായി ക്ലബ് അധികൃതർ നിയമിച്ചു. അതായിരുന്നു വഴിത്തിരിവ്. പിന്നെ ഒരൊറ്റ എവേ മത്സരം പോലും അവർ ജയിച്ചില്ല.
ആ മത്സരത്തിനു ശേഷം 10 എവേ മത്സരങ്ങൾ മാഞ്ചസ്റ്റർ കളിച്ചു. ഒരു ജയം പോലുമില്ല. സ്ഥിരം പരിശീലകനായതിനു ശേഷം ലീഗ് മത്സരങ്ങളിൽ പോലും പതറുന്ന സോൾഷേറിൻ്റെ കീഴിൽ മറ്റൊരു നാണക്കേടിലേക്കാണ് മാഞ്ചസ്റ്റർ യാത്ര ചെയ്യുന്നത്. 89ൽ 11 എവേ മത്സരങ്ങൾ പരാജയപ്പെട്ടതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ റെക്കോർഡ്. ഈ ഫോം തുടരുകയാണെങ്കിൽ സോൾഷേറിൻ്റെ കുട്ടികൾ ആ റെക്കോർഡ് കൂടി തകർക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here