Advertisement

രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; കൊച്ചി കായൽപ്പരപ്പിൽ ഇന്ന് ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടം

October 5, 2019
Google News 1 minute Read

രണ്ട് പതിറ്റാണ്ടിന് ശേഷം കൊച്ചി കായൽപ്പരപ്പിൽ ഇന്ന് ചുണ്ടൻവള്ളങ്ങളുടെ പോരാട്ടം. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് മറൈൻഡ്രൈവിൽ വള്ളംകളി വീണ്ടും അരങ്ങേറുന്നത്. 12 വള്ളംകളികൾ ഉൾപ്പെടുന്ന സിബിഎല്ലിലെ അഞ്ചാമത്തെ മത്സരമാണ് മറൈൻഡ്രൈവിൽ നടക്കുന്നത്. ഉച്ചക്ക് ശേഷമാണ് പോരാട്ടങ്ങൾ ആരംഭിക്കുക.

1998നു ശേഷം വള്ളംകളി മത്സരത്തിന്റെ ആവേശത്തിലാണ് മറൈൻഡ്രൈവിലെ ഓളപ്പരപ്പ്. നാല് പോരാട്ടങ്ങൾ പിന്നിട്ട് സിബിഎൽ കൊച്ചിയിലേക്കെത്തുമ്പോൾ ആവേശം ഇരട്ടിക്കും. ഗോശ്രീ പാലം മുതൽ ഹൈക്കോടതി ജംഗ്ഷനിലെ കിൻകോ ബോട്ട് ജെട്ടി വരെയുള്ള 960 മീറ്റർ ദൂരമാണ് മത്സരത്തിനുള്ള ട്രാക്ക് ആയി കണക്കാക്കിയിരിക്കുന്നത്.

9 ചുണ്ടൻ വള്ളങ്ങളാണ് പോരിനിറങ്ങുന്നത്. കൊച്ചിയിലെ ജലരാജാവാകുന്നതിനപ്പുറം സിബിഎൽ കിരീടം കൂടി നേടുക എന്ന ലക്ഷ്യം കൂടെ ബോട്ട് ക്ലബുകൾക്കുണ്ട്. ആദ്യ നാല് മത്സരങ്ങളും ജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് പോയിന്റു നിലയിൽ മുന്നിൽ. പിന്നിലുള്ള ചമ്പക്കുളത്തിനും ദേവാസിനും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.

ഐപിഎല്ലും ഐഎസ്എല്ലും കണ്ടു വളർന്ന കൊച്ചിയുടെ പുതുതലമുറക്ക് പുത്തൻ അനുഭവമാകും സിബിഎൽ സമ്മാനിക്കുക. വള്ളംകളി മത്സരത്തിൽ മാത്രം ഒതുങ്ങുന്നതല്ല സിബിഎൽ കാഴ്ചകൾ. ഐഎസ്എൽ ഫുട്‌ബോൾ ടീമുകളുടെ വള്ളം തുഴച്ചിലും കയാക്കിങ് മത്സരവും വാട്ടർ സ്‌പോർട്‌സ് പ്രദർശന പ്രകടനങ്ങളും നൃത്ത-സംഗീത പരിപാടികളുമായി വൈകിട്ട് 5 വരെ നീളുന്നതാണ് മറൈൻഡ്രൈവിലെ ആഘോഷം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here