അരൂരിൽ ‘പൂതന’ വിവാദം കൊഴുക്കുന്നു

അരൂരിൽ ‘പുതന’ വിവാദം കൊഴുക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോളെ പൂതനയെന്ന് ആക്ഷേപിച്ച മന്ത്രി ജി സുധാകരൻ രാഷ്ട്രീയ ജീർണതയുടെ മുഖമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു. അതേസമയം ഷാനിമോളെ ആക്ഷേപിച്ചിട്ടില്ലെന്നും, ചില മാധ്യമങ്ങൾ ഇല്ലാത്ത കാര്യങ്ങൾ വാർത്തയാക്കുകയായിരുന്നു എന്നും ജി സുധാകരൻ പറഞ്ഞു. അടുക്കളയിൽ കയറി ന്യൂസ് പിടിക്കുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളിൽ പുതിയ പോർമുഖം തുറന്നാണ് പൂതന വിവാദം അരൂരിൽ നിറയുന്നത്. കഴിഞ്ഞ ദിവസം എൽഡിഎഫ് കുടുംബയോഗത്തിൽ മന്ത്രി ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോളെ പൂതനയെന്ന് വിളിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൂതനമാർക്ക് അരൂരിൽ വിജയിക്കാനാകില്ല എന്നായിരുന്നു പരാമർശം. ഇതിനെതിരെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കെയാണ്.
സംഭവം വിവാദമായപ്പോഴാണ് വിശദീകരണവുമായി ജി സുധാകരൻ രംഗത്തെത്തിയത്. പറയാത്ത കാര്യങ്ങളാണ് ചില മാധ്യമങ്ങൾ വാർത്തയാക്കിയതെന്നും ഷാനിമോൾ സഹോദരിയെപോലെയാണെന്നും സുധാകരൻ പറഞ്ഞു. തങ്ങളുടെ കുടുംബയോഗത്തിൽ കയറിയല്ല ഇത്തരം മാധ്യമങ്ങൾ വാർത്ത എടുക്കേണ്ടത്. ഇത്തരക്കാർക്ക് വേറെ പണി നോക്കിക്കൂടെയെന്നും സുധാകരൻ പറഞ്ഞു.
അതേസമയം സ്ത്രീത്വത്തെ അപമാനിച്ച സുധാകരനെതിരെ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. തുടർന്ന് സുധാകരനെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥാനാർത്ഥിയടക്കം യുഡിഎഫ് നേതാക്കൾ കുത്തിയതോട് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
വരും ദിവസങ്ങളിൽ വിഷയം സജീവമായി പ്രചാരണ രംഗത്ത് ഉയർത്തികൊണ്ട് വരാനാണ് യുഡിഎഫ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here