Advertisement

കൂടത്തായി കൊലപാതക പരമ്പര: മുഖ്യപ്രതി ജോളി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

October 5, 2019
Google News 1 minute Read

കൂടത്തായി കൊലപാതക പരമ്പരയിൽ മൂന്ന് പേർ അറസ്റ്റിൽ.  മുഖ്യപ്രതി ജോളി, സയനൈഡ് എത്തിച്ചു നൽകിയ ജ്വല്ലറി ജീവനക്കാരൻ മാത്യു, മാത്യുവിന്റെ സുഹൃത്ത് സ്വർണപണിക്കാരനായ പ്രജുകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയ പൊലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തള്ളി ഷാജു തന്നെ രംഗത്തെത്തിയിരുന്നു. ജോളിയെ ഷാജു തള്ളിപറയുകയും ചെയ്തു. ദുരൂഹ മരണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ ഷാജു, തെളിവ് ശക്തമെങ്കിൽ ജോളി തെറ്റുകാരിയാണെന്ന് വിശ്വസിക്കുമെന്നും പറഞ്ഞു.

Read Also: കൂടത്തായി കൊലപാതക പരമ്പര; തെളിവുണ്ടെങ്കിൽ ജോളി കുറ്റക്കാരി; കൈവിട്ട് ഭർത്താവ് ഷാജു

കൂടത്തായിയിൽ ഉദ്യോഗസ്ഥ ദമ്പതികൾ ഉൾപ്പെടെ ആറ് പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ഇതിലൂടെ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജോളിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.

ജോളിയുടെ മുൻ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിക്കുകയായിരുന്നു. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here