Advertisement

കൂടത്തായി കൊലപാതക പരമ്പര; തെളിവുണ്ടെങ്കിൽ ജോളി കുറ്റക്കാരി; കൈവിട്ട് ഭർത്താവ് ഷാജു

October 5, 2019
Google News 1 minute Read

കൂടത്തായി കൂട്ടമരണത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജോളിയെ കൈയൊഴിഞ്ഞ് ഭർത്താവ് ഷാജു സ്‌കറിയ. ദുരൂഹ മരണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് ഷാജു പറഞ്ഞു. തെളിവ് ശക്തമെങ്കിൽ ജോളി തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കും. അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ല. കൊലപാതകം സ്വത്തിന് വേണ്ടിയാകാം. തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ഷാജു പറഞ്ഞു.

ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലൊന്നും താൻ ഇടപെടാറില്ല. അത്തരം കാര്യങ്ങൾ ജോളി ഒറ്റക്കാണ് നടത്തിയിരുന്നത്. വക്കീലിനെ കാണാൻ ആണെങ്കിലും അവർ അവരുടേതായ രീതിയിലാണ് പോയിരുന്നത്. ചില സമയങ്ങളിൽ മകൻ കൂടെ പോകാറുണ്ട്. സ്വത്ത് കാര്യങ്ങളിലൊന്നും താൻ ഇടപെടുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല. ജോളിക്ക് ജനിതക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ഷാജു പറഞ്ഞു.

Read also: റോയിക്ക് സയനൈഡ് കലർത്തി നൽകിയത് ആട്ടിൻസൂപ്പിൽ; കൂടത്തായി കൂട്ടമരണങ്ങൾക്ക് പിന്നിൽ ജോളി?

ബന്ധുക്കളുടെ ഉൾപ്പെടെ മരണത്തിൽ സംശയം തോന്നിയിരുന്നു. മറ്റ് ചിലരും മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടിയിരുന്നു. ജോളിയും റോയിയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് ജോളിയെ വിവാഹം ചെയ്തതെന്നും ഷാജു പറഞ്ഞു. കൂടത്തായി കൂട്ടമരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഷാജുവിന്റെ പ്രതികരണം. അതേസമയം, ജോളി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ജോളി കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.

കൂടത്തായിയിൽ ഉദ്യോഗസ്ഥ ദമ്പതികൾ ഉൾപ്പെടെ ആറ് പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ഇതിലൂടെ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജോളിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.

Read Also: കൂടത്തായി: എല്ലാ മരണങ്ങളും വിഷം ഉള്ളിൽച്ചെന്ന്; റോയിയുടെ സഹോദരിയെ വധിക്കാനും ശ്രമം

ജോളിയുടെ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിച്ചു. ഷാജു സ്‌കറിയക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ച ജോളി അതിനായി ആറ് പേരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here