കൂടത്തായി: എല്ലാ മരണങ്ങളും വിഷം ഉള്ളിൽച്ചെന്ന്; റോയിയുടെ സഹോദരിയെ വധിക്കാനും ശ്രമം

കോഴിക്കോട് കൂടത്തായിയിൽ ആറ് പേരും മരിച്ചത് വിഷം ഉള്ളിൽ ചെന്ന്. റോയിയുടെ മരണം സയനൈഡ് അകത്തുചെന്നാണെന്ന് നേരത്തേ വ്യക്തമായിരുന്നു. റോയിയുടെ സഹോദരിയെ വധിക്കാനും ശ്രമം നടന്നു എന്നുള്ളതാണ് ഏറ്റവും പുതിയ വിവരം. അതേസമയം, ജോളി കുറ്റംസമ്മതിച്ചതായാണ് വിവരം. ജോളിയുടെ അറസ്റ്റ് ഇന്ന് വൈകിട്ടോടെ ഉണ്ടാകും.
ഇന്ന് രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ജോളിയെ കൂടാതെ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയ, പിതാവ് സ്‌കറിയ, സയനൈഡ് എത്തിച്ച ബന്ധു മാത്യു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൂടത്തായിയിൽ ഉദ്യോഗസ്ഥ ദമ്പതികൾ ഉൾപ്പെടെ ആറ് പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ഇതിലൂടെ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജോളിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.
ജോളിയുടെ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിച്ചു. സിലിയുടെ ഭർത്താവ് ഷാജു സ്‌കറിയക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ച ജോളി അതിനായി ആറ് പേരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here