Advertisement

റോയിക്ക് സയനൈഡ് കലർത്തി നൽകിയത് ആട്ടിൻസൂപ്പിൽ; കൂടത്തായി കൂട്ടമരണങ്ങൾക്ക് പിന്നിൽ ജോളി?

October 5, 2019
Google News 0 minutes Read

വർഷങ്ങളായി മൂടി കിടന്ന ആറ് പേരുടെ മരണം വീണ്ടും ചർച്ചയാകുകയും പ്രതിയെന്ന് സംശയിക്കുന്ന ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയുമാണ്. ആറ് മരണങ്ങൾക്ക് പിന്നിലും ജോളിയാണെന്ന പ്രഥാമിക നിഗമനത്തിലാണ് പൊലീസ്. ഭർത്താവ് റോയിയെ കൊലപ്പെടുത്താൻ സയനൈഡ് സംഘടിപ്പിച്ചത് ജോളിയാണെന്ന വ്യക്തമായ സൂചന അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഇത് എത്തിച്ച് നൽകിയത് ഒരു യുവാവാണെന്നാണ് വിവരം. പന്ത്രണ്ട് വർഷത്തെ ഇടവേളയിൽ നടന്ന ആറ് പേരുടെ മരണത്തിൽ അന്വേഷണം ജോളിയിലേക്ക് എത്തിയത് എങ്ങനെ?

റോജോ വന്നത് നിർണായകമായി

കൂടത്തായിയിൽ മരണപ്പെട്ട റോയിയുടെ സഹോദരൻ റോജോയുടെ ഇടപെടലാണ് കേസ് വീണ്ടും ഉയർന്നുവരാനും അന്വേഷണം ശരിയായ ദിശയിൽ നീങ്ങാനും ഇടയായത്. അമേരിക്കയിൽ നിന്ന് കഴിഞ്ഞ മാസമാണ് റോജോ നാട്ടിലെത്തിയത്. താമരശേരി പൊലീസിൽ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ മരണങ്ങളുടെയെല്ലാം വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്ന് ഈ വിവരങ്ങളും തന്റെ സംശയങ്ങളും ഉൾപ്പെടെ ചേർത്ത് റൂറൽ എസ്പിക്ക് റോജോ പരാതി നൽകി. വടകര എസ്പിയായി കെ ജി സൈമൺ ചാർജ് എടുത്തതോടെ കേസിന് വീണ്ടും ജീവൻവച്ചു. പല ഭാഗങ്ങളിലായി ചിതറിക്കിടന്ന തെളിവുകളെ ഒരുമിച്ച് ചേർത്തുള്ള അന്വേഷണമാണ് പിന്നീട് നടന്നത്. ഇത് എത്തിനിൽക്കുന്നതാകട്ടെ ജോളിയിലും.

ഭർതൃപിതാവിന്റെ സഹോദര പുത്രനൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു

ജോളിയുടെ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിച്ചു. സിലിയുടെ ഭർത്താവ് ഷാജു സ്‌കറിയക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ച ജോളി അതിനായി ആറ് പേരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

റോയിയെ കൊന്നത് ആട്ടിൻ സൂപ്പിൽ സയനൈഡ് കലർത്തി

ആട്ടിൻസൂപ്പിൽ സയനൈഡ് ചേർത്താണ് റോയിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ജോളിയെക്കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്തുപറയും മുൻപ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. കൊലപാതകത്തിന് ശേഷം വ്യാജ ഒസ്യത്തെഴുതി കുടുംബത്തിന്റെ സ്വത്ത് മുഴുവൻ ജോളി കൈക്കലാക്കിയിരുന്നു. ഇതിൽ രണ്ടേക്കർ ഭൂമി വിറ്റു. ഇതിന്റെ പണം ചെലവാക്കിയ ഘട്ടത്തിലാണ് ബന്ധുക്കൾക്ക് ഉൾപ്പെടെ ജോളിയുടെ ഇടപെടലിൽ സംശയമുണ്ടായത്. പിന്നീട് താൻ ആഗ്രഹിച്ച പോലെ ഷാജുവിനെ ജോളി വിവാഹം കഴിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here