Advertisement

കൂടത്തായി ഓർമിപ്പിക്കുന്നത് പിണറായിയിലെ കൊലപാതകങ്ങൾ

October 5, 2019
Google News 1 minute Read

ദുരൂഹതകൾ നീക്കി കോഴിക്കോട് കൂടത്തായിയിലെ ആറു പേരുടെ മരണം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ, കേരളത്തെ നടുക്കിയ പിണറായിയിലെ കൂട്ടക്കൊലയാണ് സജീവ ചർച്ചയാവുന്നത്.

കൂടത്തായിലേതിനു സമാനമാനമായി നാലു മാസത്തിനിടയിൽ ഒരു വീട്ടിലെ മൂന്നു പേരുടെ മരണം. വീട്ടിൽ ആകെയുള്ള യുവതിയും ഛർദിച്ച് ആശുപത്രിയിലായതോടെയാണ് പിണറായിയിലെ സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. എല്ലാറ്റിനുമൊടുവിൽ പ്രതി സൗമ്യ ജയിൽ വളപ്പിലെ കശുമാവിൽ ജീവനൊടുക്കി.

സമാനമായ സംഭവമാണ് കൂടത്തായിയിലേതും. കൊലപാതകങ്ങൾ നടന്ന് നാളുകൾക്ക് ശേഷമാണ് അന്വേഷണത്തിൽ കാര്യമായ വഴിത്തിരിവുണ്ടാകുന്നത്. പിണറായിയിൽ അമ്മയുടെയും അച്ഛന്റെയും സ്വന്തം മകളുടെയും ജീവനെടുത്തത് മകൾ സൗമ്യ ആണെങ്കിൽ ഇവിടെ പ്രതി സ്ഥാനത്ത് എന്ന് സംശയിക്കുന്നത് ബന്ധുക്കളാണ്. കല്ലറ തുറന്നുള്ള പോസ്റ്റ്‌മോർട്ടത്തിനൊടുവിൽ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു.

കൂടത്തായിയിൽ ആദ്യം മരിക്കുന്ന ടോം തോമസ് ഉൾപ്പെടെ എല്ലാവരും മരിക്കുന്നതിന് മുൻപ് ഒരേ തരം ഭക്ഷണം കഴിച്ചിരുന്നതായി തെളിഞ്ഞു. കേസ് തെളിയിക്കപ്പെടുന്ന പക്ഷം കേരളം ഇന്നേ വരെ കണ്ടിട്ടുള്ളതിൽവെച്ച് ആസൂത്രിത കൊലപാതകമെന്ന് കൂടത്തായിയിലെ കൂട്ടമരണത്തെ വിലയിരുത്താം.

പിണറായിയിലെ കൊലപാതകം

പിണറായി പടന്നക്കയിൽ 2012 സെപ്റ്റംബറിലാണ് പ്രതിയായ സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണൻ മരിക്കുന്നത്. കുഞ്ഞിക്കണ്ണനു ശേഷം സൗമ്യയുടെ ഒരു വയസുകാരി മകൾ കീർത്തനയുടെ മരണം. പിന്നീട് നാലാം ക്ലാസുകാരിയായ മൂത്തമകൾ ഐശ്വര്യയുടെ മരണം. ഏറ്റവുമൊടുവിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ കമലയും.

തുടരെയുള്ള മരണങ്ങൾ നാട്ടുകാരെയും ആശങ്കയിലാഴ്ത്തി. കിണറ്റിലെ വെള്ളത്തിൽ നിന്നുള്ള വിഷമാണ് മരണകാരണമെന്ന സൗമ്യയുടെ പ്രചരണത്തിനൊടുവിൽ കിണർ വെള്ളം പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.

സൗമ്യയുടെ മകൾ ഐശ്വര്യയുടെ മരണത്തിൽ സംശയമുണ്ടെന്ന ബന്ധുവിന്റെ പരാതി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നതിലേക്കെത്തിച്ചു. പിന്നീട് ഓരോത്തരുടെയും മൃതദേഹങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി… എല്ലാവരുടേയും
ഉള്ളിൽ അലുമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തിയത് അന്വേഷണത്തിൽ വലിയ വഴിത്തിരിവായി.

ഛർദിയെ തുടർന്ന് ആശുപത്രിയിലായിലായ സൗമ്യയ്ക്ക് ശാരീരിക പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്ന് തെളിഞ്ഞതോടെ സൗമ്യ പ്രതിസ്ഥാനത്തായി. ഭർത്താവുമായി അകന്നു കഴിയുന്ന സൗമ്യയ്ക്ക് പല പുരുഷന്മാരുമായി വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് തെളിവുകൾ ലഭിച്ചു.

കുറ്റം ചെയ്തില്ലെന്ന നിലപാടിൽ ആദ്യം ഉറച്ചു നിന്ന സൗമ്യ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഉദ്യോഗസ്ഥർക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് സൗമ്യ കുറ്റം സമ്മതിച്ചു.

‘ഭർത്താവ് തന്നെ ഉപദ്രവിക്കുമായിരുന്നു. ഒരു ഘട്ടത്തിൽ ഇളയ കുട്ടി തന്റേതല്ല എന്ന് വരെ പറഞ്ഞിട്ടുണ്ട്. ബന്ധം വേർപെട്ടതോടെ അച്ഛന്റെ വരുമാനത്തിലായി. അച്ഛനും ജോലിക്കു പോകാൻ കഴിയാതെ വന്നഘട്ടത്തിൽ താനും ജോലിക്കു പോയി തുടങ്ങി, ജോലി സ്ഥലത്തെ സ്ത്രീയാണ് ചില പുരുഷന്മാരെ പരിചയപ്പെടുത്തുന്നത്. ഒരിക്കൽ വീട്ടിലെത്തിയ ഒരു പുരുഷ സുഹൃത്തിനെ  മൂത്ത മകൾ ഐശ്വര്യ കണ്ടു. അവൾ തന്റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞതോടെ കുട്ടിയോടും അമ്മയോടും വൈരാഗ്യമായി. അങ്ങനെ ഓരോരുത്തരെയായി ഒഴിവാക്കി തുടങ്ങി’.

ഏറ്റവുമൊടുവിൽ 2018 ൽ കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ കണ്ണൂർ ജയിൽ വളപ്പിലെ കശുമാവിൽ സൗമ്യ തൂങ്ങി മരിച്ചു. മരണത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും ബന്ധുക്കൾ ഒറ്റപ്പെടുത്തുന്നതിനാലാണെന്നും താൻ ആരെയും കൊന്നിട്ടില്ലെന്നും സൗമ്യ ആത്മഹത്യ കുറിപ്പിൽ എഴുതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here