സാമ്പത്തിക മാന്ദ്യത്തിൽ കുരുങ്ങി മധ്യപ്രദേശിൽ നൂറ് കണക്കിന് ഇടത്തരം വ്യവസായ കമ്പനികൾ അടച്ചിടുന്നു

സാമ്പത്തികമാന്ദ്യത്തിൽ കുരുങ്ങി മധ്യപ്രദേശിൽ നൂറുകണക്കിന് ഇടത്തരം വ്യവസായ കമ്പനികൾ അടച്ചിടുന്നു. പിതാംപൂർ, മണ്ഡിദ്വീപ്, മലാൻപൂർ വ്യാവസായിക മേഖലകളിൽ പല കമ്പനികളിലെയും തൊഴിലാളികൾക്ക് നാല് മാസമായി ശമ്പളം ലഭിക്കുന്നില്ല. 15,000-ൽ അധികം പേർക്ക് ജോലി നഷ്ടമായി.
ഇതിൽ കൂടുതലും കരാർ തൊഴിലാളികളാണെന്നും അനുബന്ധ മേഖലകളിലും നൂറ് കണക്കിന് പേർക്ക് ജോലി നഷ്ടപ്പെട്ടെന്നും തൊഴിലാളി സംഘടനകൾ പറഞ്ഞു.വാഹന മേഖലക്ക് പുറമെ മരുന്ന്, ഇലക്ട്രോണിക്‌സ്, സിമന്റ്, ഗതാഗതം, വസ്ത്രം, താപോർജം തുടങ്ങി എല്ലാ മേഖലയും തകർച്ചയിലാണ്. നോട്ട് നിരോധനവും ജിഎസ്ടിയുമാണ് വ്യാവസായിക മേഖലയെ അപകടത്തിലാക്കിയതെന്ന് ഉടമകളും തൊഴിലാളികളും ഒരേ സ്വരത്തിൽ പറയുന്നു.
സംസ്ഥാന വ്യാവസായിക കോർപറേഷന്റെ കണക്കുപ്രകാരം 304 കമ്പനികൾ മലാൻപൂർ വ്യവസായ മേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ പകുതിയും ഇപ്പോൾ പ്രവർത്തനരഹിതമാണ്.
Read Also : സാമ്പത്തിക മാന്ദ്യം മറികടക്കാൻ ആർബിഐയിൽ നിന്ന് മുപ്പതിനായിരം കോടിരൂപ കൂടി ആവശ്യപ്പെടാൻ കേന്ദ്രനീക്കം
മലാൻപൂർ മേഖലയിൽ വാഹന നിർമാണ കമ്പനികളിൽ ഉൽപാദനം 80 ശതമാനം ഇടിഞ്ഞു. ജെകെ ടയേഴ്‌സ് ട്രീക്കുകളുടെ ടയർ നിർമാണ ഫാക്ടറി അടച്ചിട്ടു. ചെറു വാഹനടയർ ഉത്പാദനം തുടങ്ങി.
മണ്ഡിദ്വീപ് വ്യാവസായിക മേഖലയിൽ 6000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. സ്റ്റിൽ- ഇലക്ട്രോണിക് കമ്പനികൾ പ്രവർത്തിക്കുന്ന മേഖലയാണിത്.
ഇത്ര രൂക്ഷതയിൽ സാന്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്ന് പീതാംപൂർ ഏരിയ വ്യവസായി അസോസിയേഷൻ പ്രസിഡന്റ് ഗൗതം കോത്താരി പറഞ്ഞു.
പല കമ്പനികൾക്കും 40 ശതമാനം ഇടിവാണ് ഉണ്ടായത്. കരാർ തൊഴിലാളികളെ പിരിച്ച് വിടാനും സ്ഥിരെ തൊഴിലാളികളുടെ ശമ്പളം 10-15 ശതമാനം വരെ വെട്ടി ചുരുക്കാനും കമ്പനികൾ നിർബന്ധിതരായെന്നും കോത്താരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here