ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവം; സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവച്ചു

പാലായിൽ നടന്നുവന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവച്ചു. മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വോളന്റിയറായിരുന്ന വിദ്യാർഥി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരങ്ങൾ മാറ്റിവച്ചത്. പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി അഫേലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.
രണ്ടായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 4,5,6 തീയതികളിലായാണ് ക്രമീകരിച്ചിരുന്നത്. ആദ്യ ദിനമായ ഇന്നലെ ഉച്ചയ്ക്കാണ് ഹാമർ തലയിൽ വീണ് വോളന്റിയറായിരുന്ന പ്ലസ് വൺ വിദ്യാർത്ഥി അഫേൽ ജോൺസന് ഗുരുതര പരുക്കേറ്റത്. അശ്രദ്ധമായി മീറ്റ് കൈകാര്യം ചെയ്‌തെന്ന നിരീക്ഷണത്തിൽ പൊലീസ് സംഘാടകരായ അത്‌ലറ്റിക് അസോസിയേഷനെതിരെ കേസെടുത്തിരുന്നു.
Read Also: കോട്ടയത്ത് ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരുക്ക്
കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന അഫേൽ ജോൺസന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്നും നാളെയും ക്രമീകരിച്ചിരുന്ന മത്സരങ്ങൾ നിർത്തിവച്ചത്. ജാവലിൻ ത്രോ മത്സരത്തിനുശേഷം ജാവലിനുകൾ എടുത്ത് മാറ്റുന്നതിനിടെയാണ് അഫേലിന്റെ തലയിൽ ഹാമർ വീണത്. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേ സമയം സംഘടിപ്പിച്ചതും ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്. ഇന്നലെ അപകട ശേഷവും മത്സരങ്ങൾ തുടർന്നതിൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്. സംഭവത്തിൽ കായിക വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here