ഒരാഴ്ച: ഫ്ലിപ്കാർട്ടും ആമസോണും നടത്തിയത് 26000 കോടി രൂപയുടെ വില്പന

കഴിഞ്ഞ ഒരാഴ്ചത്തെ വില്പന മാമാങ്കം അവസാനിച്ചപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണും ഫ്ലിപ്കാർട്ടും നടത്തിയത് 26000 കോടി രൂപയുടെ വില്പന. ആമസോൺ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലി’ലൂടെയും ഫ്ലിപ്കാർട്ട് ‘ബിഗ് ബില്ല്യൺ ഡെയ്സി’ലൂടെയുമാണ് അമ്പരപ്പിക്കുന്ന വില്പന നടത്തിയത്.

ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ സീസണിലെ വില്പനയേക്കാൾ 33 ശതമാനം വർധനയാണ് ഇക്കൊല്ലം ഉണ്ടായത്. ആകെ വില്പനയുടെ 50 ശതമാനം വിഹിതം ആമസോണിനു നേടാനായതായാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. അതേസമയം, 73 ശതമാനം വിപണി വിഹിതം നേടാൻ തങ്ങൾക്ക് സാധിച്ചുവെന്ന് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നു.

എല്ലാ തവണയും എന്ന പോലെ സ്മാർട്ട് ഫോണുകളാണ് കൂടുതൽ വിറ്റഴിഞ്ഞത്. ഓരോ സെക്കൻഡിലും ഓരോ ടിവി വിറ്റഴിച്ചുവെന്നാണ് ഫ്ലിപ്കാർട്ടിൻ്റെ അവകാശവാദം. ഓരോ മിനിട്ടിലും 500 സൗന്ദര്യവർധക വസ്തുക്കൾ, ഓരോ മണിക്കൂറിലും 1.2 ലക്ഷം ഫാഷൻ പ്രൊഡക്ടുകൾ, ഓരോ ദിവസവും 2.4 ലക്ഷം ഹെഡ്ഫോണുകൾ എന്നിങ്ങനെ വിറ്റഴിച്ചുവെന്നാണ് ഫ്ലിപ്കാർട്ട് പറയുന്നത്. 50 ശതമാനം പുതിയ ഉപഭോക്താക്കൾ എത്തിയെന്നും ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നു.

അതേ സമയം, 15,000 പിന്‍ കോഡുകളില്‍നിന്നുള്ളവര്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തുവെന്നാണ് ആമസോണിൻ്റെ അവകാശവാദം. രാജ്യത്തുള്ള 99.4 ശതമാനം പിന്‍കോഡുകളില്‍നിന്നും ഓര്‍ഡറുകള്‍ ലഭിച്ചതായും ആമസോൺ പറയുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top