കെഎസ്ആർടിസി വരുമാനത്തിൽ ഇടിവ്; പ്രതിസന്ധിയിൽ സർക്കാരും പ്രതി

കെഎസ്ആർടിസി വരുമാനത്തിൽ ഇടിവ്. കെഎസ്ആർടിസിയുടെ ദുരവസ്ഥയ്ക്ക് പിന്നിൽ സർക്കാരിന്റെ അലംഭാവവുമുണ്ട്. ഹൈക്കോടതി നേരത്തെ പലവട്ടം മുന്നറിയിപ്പ് നൽകുകയും, താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടും പ്രശ്‌നത്തിന് സ്ഥിരപരിഹാരം കാണാൻ സർക്കാർ തയ്യാറാകാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞ മാസം കെഎസ്ആർടിസിയുടെ വരുമാനം 6.78 കോടി ആയിരുന്നെങ്കിൽ ഈ മാസം വരുമാനം 5.24 കോടിയായി ഇടിഞ്ഞു. സർക്കാർ പണം നൽകുന്നത് കൊണ്ടാണ് കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങാതെ നൽകാൻ കഴിയുന്നതെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡിപ്പോകൾ പണയം വച്ച് ബസുകൾ വാങ്ങിയത് പോലെ ഇപ്പോൾ ചെയ്യാനാവില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
കാലാവധി കഴിഞ്ഞ ബസുകൾക്ക് പെർമിറ്റ് നീട്ടി നൽകി, പഴകിയ ബസുകൾ ഓടിച്ചത് സ്വകാര്യ ബസുകൾക്ക് അനുഗ്രഹമായെന്നാണ് റിപ്പോർട്ട്. അഞ്ച് വർഷമാണ് സൂപ്പർക്‌ളാസ് സർവീസ് നടത്തുന്ന ബസുകളുടെ കാലാവധി. ഈ സമയപരിധി അവസാനിച്ചിട്ട് രണ്ടു വർഷമായി. ഇത്തരം ബസുകൾ ഓർഡിനറി സർവീസിന് ഉപയോഗിക്കുകയും, പതിനഞ്ച് വർഷമാകുമ്പോൾ കണ്ടംചെയ്തു വിൽക്കുകയുമായിരുന്നു പതിവ്. പണമില്ലെന്ന കാരണം പറഞ്ഞ്, സർക്കാർ എല്ലാ കെ.എസ്.ആർ.ടിസി ബസുകളുടേയും കാലാവധി രണ്ട് വർഷം ദീർഘിപ്പിക്കുകയായിരുന്നു. ഈ കാലാവധിയും വൈകാതെ തീരും. പുതിയ ബസുകൾ വാങ്ങാൻ 80 കോടി രൂപ ആവശ്യപ്പെട്ടിട്ടും ധനകാര്യ വകുപ്പ് അനുവദിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here