സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നൽകി ഷാജുവും ജോളിയും; ചിത്രങ്ങൾ വിവാദമായപ്പോൾ മറുപടിയുമായി ഷാജു

കൂടത്തായിയിൽ മരിച്ച സിലിക്ക് ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നൽകിയ ചിത്രങ്ങൾ പുറത്ത്. സിലി മരിക്കുന്നതിന് മുമ്പേ തന്നെ ജോളിയുമായി ഷാജു പ്രണയത്തിലായിരുന്നുവെന്ന സംശയങ്ങൾക്ക് ബലം നൽകുന്നതാണ് ചിത്രം. നേരത്തെ റോയിയുടെ സഹോദരി റെഞ്ചിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
സിലി മരിച്ച് അധികം വൈകാതെ തന്നെ ജോളിയും ഷാജുവും വിവാഹം കഴിച്ചിരുന്നു. ഷാജുവുമായുള്ള വിവാഹത്തിന് ജോളി തിടുക്കം കൂട്ടിയെന്ന് ഇളയ മകൻ ജോഷ്വാ വെളിപ്പെടുത്തിയിരുന്നു. ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ച് അധികം വൈകാതെ തന്നെ ജോളി ഇക്കാര്യം മകനോട് പറഞ്ഞു. റോയിയുടെ സഹോദരി റെഞ്ചിയോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. 2016 ജനുവരി പതിനൊന്നിനാണ് സിലി മരിക്കുന്നത്.
അതേസമയം, ഒരുമിച്ച് അന്ത്യചുംബനം നൽകിയതിൽ അസ്വാഭാവികതയില്ലെന്നാണ് ഷാജുവിന്റെ പ്രതികരണം. കൊലക്കേസിൽ താൻ കുറ്റം സമ്മതിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും ഷാജു പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. തന്നെ കുരുക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. റോയിയുടെ ബന്ധുക്കൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അത് കുരുക്കാനുള്ള ശ്രമമായാണ് കരുതുന്നത്. ജോളിയുടെ കൂടെ ഒരു പ്രതി കൂടി വേണം എന്ന നിലയിലായിരിക്കും ആരോപണങ്ങൾ ഉന്നയിക്കുന്നത്. കേസുകളിൽ കൂടുതൽ അന്വേഷണം നടക്കാനുണ്ടെന്നും ഷാജു വ്യക്തമാക്കിയിരുന്നു.
Read also: ‘ഷാജുവുമായുള്ള വിവാഹത്തിന് ജോളി തിടുക്കം കാട്ടി’; ഇളയ മകന്റെ വെളിപ്പെടുത്തൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here