Advertisement

‘ജോളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോൾ ഷാജു പോയത് സിനിമക്കല്ല’

October 8, 2019
Google News 1 minute Read

കൂടത്തായി കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതി ജോളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ് ഷാജുവെന്നായിരുന്നു ജോളി-റോയി ദമ്പതികളുടെ മകൻ റോമോ വെളിപ്പെടുത്തിയത്. ട്വന്റിഫോറിന്റെ പ്രത്യേക ബുള്ളറ്റിനിലാണ് റോമോ ഇക്കാര്യം പറഞ്ഞത്. റോമോയുടെ ആരോപണത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാജു.

ജോളി തനിക്കെതിരെ മെനഞ്ഞ കള്ളക്കഥയുടെ ഒരു ഭാഗമായാണ് ആരോപണത്തെ കാണുന്നതെന്ന് ഷാജു പറഞ്ഞു. ജോളിയാണോ റോമോയാണോ കള്ളം പറയുന്നതെന്ന് അറിയില്ല. ആർക്കും നുണപറയാമല്ലോ? അന്ന് ക്രൈംബ്രാഞ്ച് ജോളിയെ ഒറ്റക്കാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. താൻ കൂടെ വരേണ്ടതില്ലെന്ന് ജോളി നിർബന്ധം പിടിച്ചു. ജോളിക്ക് എന്തോ മറയ്ക്കാനുണ്ടോ എന്ന് സംശയിച്ചു. താനും പോകാമെന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന നിലപാടിലായിരുന്നു ജോളി. ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നിട്ടും താനന്ന് ലീവെടുത്ത് ജോളിക്കൊപ്പം പോയി.

കൊയിലാണ്ടിയിൽ നിന്ന് ബസ് കയറി പയ്യോളിയിലെത്തി. അവിടെ നിന്നും ഓട്ടോയ്ക്കാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോയത്. ക്രൈംബ്രാഞ്ച് ഓഫീസിന്റെ ഗെയിറ്റിന് അടുത്തെത്തിയപ്പോൾ ഷാജു കൂടെ വരേണ്ടതില്ലെന്ന് ജോളി പറഞ്ഞു. താൻ കൂടെ പോയാൽ തന്നെയും ചോദ്യം ചെയ്യുമെന്ന് പറഞ്ഞാണ് ജോളി തന്നെ ഒഴിവാക്കാൻ ശ്രമിച്ചത്. ഒടുവിൽ പോകേണ്ടെന്ന് തീരുമാനിച്ചു. വന്ന ഓട്ടോയിൽ തന്നെ തിരികെ ബസ് സ്റ്റാൻഡിൽ എത്തി. തുടർന്ന് ഉച്ചക്ക് ജോളി വിളിച്ച് തന്നോട് ഭക്ഷണം കഴിച്ചോളാൻ പറഞ്ഞു. ജോളിക്ക് അവിടെ ഭക്ഷണമുണ്ടെന്നും പറഞ്ഞു. വെറുതെ നിൽക്കണ്ടല്ലോ എന്നു കരുതി സിനിമക്ക് പോകട്ടെ എന്ന് ജോളിയോട് ചോദിച്ചു. അത് ജോളി കേട്ടോ ഇല്ലയോ എന്നറിയില്ല, ഫോൺ കട്ട് ചെയ്തു. തുടർന്ന് സിനിമക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഷാജു പറയുന്നു.

വൈകുന്നേരത്തോടെ ജോളി വിളിച്ച് തന്നെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചതായി പറഞ്ഞു. തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. അവിടെ ചോദിച്ച കാര്യങ്ങൾ പറയാൻ സാധിക്കില്ല. അതിന് ശേഷം താനും ജോളിയും തിരികെ വീട്ടിലേക്ക് വന്നു. അതിനിടെ താൻ സിനിമക്ക് പോയില്ലെന്ന് ജോളിയോട് പറഞ്ഞിരുന്നു. റോമോ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ജോളി പറഞ്ഞത് മാത്രമായിരിക്കാം റോമോക്ക് അറിയാവുന്നതെന്നും ഷാജു കൂട്ടിച്ചേർത്തു.

Read also:‘അമ്മയെ ക്രൈംബ്രാഞ്ച് കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്’; രണ്ടാനച്ഛനെതിരെ ഗുരുത ആരോപണവുമായി ജോളി-റോയി ദമ്പതികളുടെ മകൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here