വിജയ് ഹസാരെ ട്രോഫി: വിഷ്ണു വിനോദിനു വീണ്ടും സെഞ്ചുറി; കേരളം വിജയവഴിയിൽ

വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് അനായാസ ജയം. 65 റൺസിനാണ് കേരളം ഛത്തീസ്ഗഡിനെ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. ഛത്തീസ്ഗഡ് 46 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്തായി. സെഞ്ചുറിയടിച്ച ഓപ്പണർ വിഷ്ണു വിനോദാണ് കേരളത്തിന് ജയം ഒരുക്കിയത്. ഛത്തീസ്ഗഡിൻ്റെ മുഴുവൻ വിക്കറ്റുകളും വീഴ്ത്തിയ പേസ് ബൗളർമാരും കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു.
ബാറ്റിംഗ് ഓർഡറിൽ വീണ്ടും മാറ്റം വരുത്തിയാണ് കേരളം ഇറങ്ങിയത്. വിഷ്ണു വിനോദിനൊപ്പം ക്യാപ്റ്റൻ റോബിൻ ഉത്തപ്പയാണ് ഓപ്പണിംഗ് ഇറങ്ങിയത്. 6 റൺസെടുത്ത് ഉത്തപ്പ പുറത്തായി. കേരള ടീമിൽ ഇക്കൊല്ലം അരങ്ങേറിയ ഉത്തപ്പയ്ക്ക് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. തുടർന്ന് രണ്ടാം വിക്കറ്റിൽ സഞ്ജു സാംസൺ-വിഷ്ണു വിനോദ് കൂട്ടുകെട്ട് 59 റൺസ് കൂട്ടിച്ചേർത്തു. ടി-20 ശൈലിയിൽ ബാറ്റ് വീശിയ വിഷ്ണു വിനോദാണ് കേരള സ്കോർ ഉയർത്തിയത്. 31 പന്തുകളിൽ വിഷ്ണു അർധസെഞ്ചുറി തികച്ചു. ഇതിനിടെ 16 റൺസെടുത്ത സഞ്ജു 10ആം ഓവറിൽ പുറത്തായി.
ശേഷം സച്ചിൻ ബേബി, വിഷ്ണു വിനോദിനൊപ്പം ചേർന്നു. ആക്രമണാത്മക ബാറ്റിംഗ് ശൈലി തുടർന്ന വിഷ്ണു 71 പന്തുകളിൽ ടൂർണമെൻ്റിലെ രണ്ടാം സെഞ്ചുറി തികച്ചു. 93 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സച്ചിൻ ബേബിയുടെ പുറത്താകലോടെയാണ് തകർന്നത്. 34 റൺസെടുത്ത സച്ചിൻ ബേബി 25ആം ഓവറിലാണ് പുറത്തായത്. പൊന്നം രാഹുൽ (1) വേഗം പുറത്തായി. ഏറെ വൈകാതെ 33ആം ഓവറിൽ വിഷ്ണു വിനോദും പുറത്തായി. 91 പന്തുകളിൽ അഞ്ച് ബൗണ്ടറികളും 11 സിക്സറുകളും സഹിതം 123 റൺസെടുത്ത ശേഷമാണ് വിഷ്ണു വിനോദ് പുറത്തായത്.
ശേഷം ആറാം വിക്കറ്റിൽ മുഹമ്മദ് അസ്‌ഹറുദ്ദീനും ജലജ് സക്സേനയും ചേർന്ന കൂട്ടുകെട്ട് 80 റൺസ് സ്കോർബോർഡിലേക്ക് ചേർത്തു. 53 പന്തുകളിൽ 56 റൺസെടുത്ത അസ്‌ഹറുദ്ദീനും 34 റൺസെടുത്ത സക്സേനയും 48ആം ഓവറിൽ പുറത്തായി. 9 പന്തുകളിൽ 18 റൺസെടുത്ത് പുറത്താവാതെ നിന്ന അക്ഷയ് ചന്ദ്രൻ ആണ് കേരള ടീം ടോട്ടൽ 300നരികെ എത്തിച്ചത്.
മറുപടി ബാറ്റിംഗിൽ സ്കോർ ബോർഡിൽ 4 റൺസ് ആയപ്പോഴേക്കും ഛത്തീസ്ഗഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്ണെടുത്ത ശശാങ്ക് ചന്ദ്രകറിനെ കെഎം ആസിഫ് പുറത്താക്കി. രണ്ടാം വിക്കറ്റിൽ ജിവഞ്ജോത് സിംഗും അശുതോഷ് സിംഗും ചേർന്ന് 105 റൺസിൻ്റെ കൂട്ടുകെട്ട്. 56 റൺസെടുത്ത ജിവഞ്ജോതിനെ പുറത്താക്കിയ സന്ദീപ് വാരിയർ കേരളത്തിനു ബ്രേക്ക് ത്രൂ നൽകി. മൂന്നാം വിക്കറ്റിൽ ഹർപ്രീത് സിംഗും അശുതോഷ് സിംഗും ചേർന്ന 50 റൺസ് കൂട്ടുകെട്ട്. 26 റൺസെടുത്ത ഹർപ്രീതിനെ പുറത്താക്കി വീണ്ടും സന്ദീപ് കേരളത്തിനു ബ്രേക്ക് ത്രൂ നൽകി.
പിന്നീട് ഛത്തീസ്ഗഡീന് വളരെ വേഗം വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. അശുതോഷ് സിംഗിനെ(77) പുറത്താക്കിയ സന്ദീപ് മൂന്നാം വിക്കറ്റിട്ടു. ശേഷം ശശാങ്ക് സിംഗ് (2), അമൻദീപ് ഖാരെ (17), അജയ് മണ്ടാൽ (8), പുനീത് ദത്തെ (0) എന്നിവരെ നിധീഷ് പുറത്താക്കി. ലാവിൻ ഇയാൻ കോസ്റ്റർ (15), വീർ പ്രതാപ് സിംഗ് (4) എന്നിവരെ പുറത്താക്കിയ ആസിഫ് ഛത്തീസ്ഗഡ് ഇന്നിംഗ്സിനു തിരശീലയിട്ടു. 18 റൺസെടുത്ത സുമിത് റായ്കർ പുറത്താവാതെ നിന്നു.
ജയത്തോടെ കേരളം വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലായിരിക്കുകയാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം ഉൾപ്പെടെ 8 പോയിൻ്റുകളാണ് കേരളത്തിനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here