തുടക്കം കസറി; ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് ഇന്ത്യൻ വനിതകൾ

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഏകദിന പരമ്പരയും പിടിക്കാനൊരുങ്ങി ഇന്ത്യൻ വനിതകൾ. വഡോദരയിൽ നടക്കുന്ന ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ ഇന്ത്യൻ ബൗളർമാർ വീഴ്ത്തിക്കഴിഞ്ഞു. മികച്ച രീതിയിൽ പന്തെറിയുന്ന ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കയെ വിറപ്പിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ്. 35 റൺസെടുത്ത ലോറ വോൾവാർട്ടും 14 റൺസെടുത്ത സുൻ ലൂസുമാണ് ക്രീസിൽ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പ്രോട്ടീസിന് മത്സരത്തിൻ്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ലിസൽ ലീയെ നഷ്ടമായി. ജുലൻ ഗോസ്വാമിയുടെ പന്തിൽ ലീ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ശേഷം ട്രിഷ ചെട്ടി (14), മിന്യോൺ ഡുപ്രീസ് (16) എന്നിവരെ പുറത്താക്കിയ ഏക്ത ബിഷ്ത് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് ഓർഡറിനെ തകർത്തു.
നേരത്തെ, പരിശീലനത്തിനിടെ പരിക്കേറ്റ സ്റ്റാർ ബാറ്റ്സ്മാൻ സ്മൃതി മന്ദന പരമ്പരയിൽ നിന്നു പുറത്തായിരുന്നു. മന്ദനക്ക് പകരം പ്രിയ പൂനിയ ആണ് ടീമിലെത്തിയത്.
ആറു മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 3-1 എന്ന സ്കോറിനാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് മത്സരങ്ങൾ മഴയിൽ മുടങ്ങിയതോടെ റിസർവ് ദിനത്തിൽ ഒരു കളി കൂടി നടത്തുകയായിരുന്നു. അവസാന മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here