പ്രിയ പുനിയക്കും അർധസെഞ്ചുറി; ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിൻ്റെ കൂറ്റൻ ജയം. 165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 75 റൺസെടുത്ത പ്രിയ പുനിയ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സഹ ഓപ്പണർ ജമീമ റോഡ്രിഗസ് 55 റൺസെടുത്തു.

165 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദനയുടെ അഭാവത്തിൽ പ്രിയ പുനിയയും ജമീമ റോഡ്രിഗസുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ജമീമ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോൾ പ്രിയ ഉറച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റിൽ 83 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ജമീമ പുറത്തായത്. 65 പന്തുകളിൽ 7 ബൗണ്ടറികളോടെ 55 റൺസെടുത്ത ജമീമയെ നോണ്ടുമിസോ ഷംഗാസേ വിക്കറ്റിനു മുന്നിൽ കുരുക്കി.

രണ്ടാം വിക്കറ്റിൽ പ്രിയ പുനിയക്കൊപ്പം പൂനം റാവത് ഒത്തുചേർന്നു. ഇതോടെ ജമീമയുടെ റോൾ പ്രിയയും പ്രിയയുടെ റോൾ പൂനവും അണിഞ്ഞു. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 45 റൺസ്. 32ആം ഓവറിൽ 16 റൺസെടുത്ത പൂനം റാവത്തിനെ നദീൻ ഡിക്ലർക്ക് വിക്കറ്റിനു മുന്നിൽ കുരുക്കി. ഇതിനിടെ പ്രിയ പുനിയ അർധസെഞ്ചുറി കുറിച്ചിരുന്നു.

മൂന്നാം വിക്കറ്റിൽ മിതാലി രാജും പ്രിയ പുനിയയും ചേർന്ന കൂട്ടുകെട്ട് അധികം നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അപരാചിതമായ 37 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. പ്രിയ പുനിയ 75 റൺസെടുത്തും മിതാലി രാജ് 11 റൺസെടുത്തും പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ 45.1 ഓവറിൽ 164 റൺസിനു പുറത്താക്കുകയായിരുന്നു. 54 റൺസെടുത്ത മരിസൻ കാപ്പ് ആണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ജുലൻ ഗോസ്വാമി മൂന്നു വിക്കറ്റ് വീഴ്ത്തി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top