ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ റെയ്ഡ്. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ഭൂമിയിടപാടുകൾ സംബന്ധിച്ച രേഖകൾ കണ്ടെടുക്കുന്നതിനായിരുന്നു പരിശോധന. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് ഉടമസ്ഥാവകാശം ജോളിക്ക് കൈമാറിയതെന്ന് ഓമശേരി പഞ്ചായത്ത് അധികൃതരും സ്ഥിരീകരിച്ചു.
കൂടത്തായി കൊലപാതക കേസ് പരമ്പരയിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഉച്ചക്ക് ഒന്നര മണിക്ക് ആരംഭിച്ച പരിശോധന നാലു മണിക്കൂറിലധികം നീണ്ട് നിന്നു. ജോളിയുടെ ഭർതൃ പിതാവ് ടോം തോമസിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വ്യാജ ഒസ്യത്ത് നിർമ്മിച്ച് സ്വാന്തമാക്കാൻ ജോളി ശ്രമിച്ചിരുന്നു. വ്യാജരേഖയുടെ അടിസ്ഥാനത്തിൽ 2012 ൽ ഭൂമിയുടെ ഉടമസ്ഥാവകാശം ജോളിക്ക് കൈമാറുകയും ചെയ്തു. രേഖകൾ വ്യാജമാണെന്ന് വ്യക്തമായതോടെ ഈ ഉടമസ്ഥാവകാശം പിന്നീട് റദ്ധ് ചെയ്യുകയാണ് ചെയ്തത്. പഞ്ചായത്തിൽ സമർപ്പിച്ച വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് ഉടമസ്ഥാവകാശം കൈമാറിയതെന്ന് പഞ്ചായത്ത് അധികൃതരും സ്ഥിരീകരിച്ചു.
പരിശോധനയിൽ ജോളി നടത്തിയ ഭൂമി ഇടപാട് സംബന്ധമായ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ക്രമക്കേടടക്കമുള്ള കാര്യങ്ങളിൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജോളിക്ക് വ്യാജ രേഖകൾ നിർമ്മിക്കുന്നതിന് വഴിവിട്ട സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കൂടത്തായി കൂട്ട കൊലപാതകം പുറത്ത് വന്നതിന് പ്രധാന കാരണമായത് ജോളി നിർമ്മിച്ച വ്യാജ ഒസ്യത്തും അനുബന്ധ രേഖകളുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here