പാമ്പാടി നെഹ്‌റു കോളജിൽ വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തിയ സംഭവം; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

പാമ്പാടി നെഹ്‌റു കോളജിൽ വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിത്തിരുത്തിയ സംഭവത്തിൽ അന്വേഷണ കമ്മീഷൻ കുഹാസിന്(കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ്‌) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ നെഹ്‌റു കോളേജ് അധ്യാപകർക്കും പങ്കുണ്ട്. കോളജ്‌ മാനേജ്‌മെന്റിൽ നിന്നുള്ള ബാഹ്യ സമ്മർദമാണ് അധ്യാപകരുടെ നിലപാടിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

നെഹ്‌റു കോളജ്‌ വിദ്യാർത്ഥികളായിരുന്ന വസീം ഷാ, അതുൽ ജോസ്, മുഹമ്മദ് ആഷിഖ് എന്നിവരെയാണ് മാർക്ക് വെട്ടിത്തിരുത്തി തോൽപ്പിച്ചത്. ഇത് സംബന്ധിച്ച വാർത്ത ട്വന്റി ഫോർ പുറത്ത് വിട്ടിരുന്നു. തുടന്ന് അന്വേഷണ കമ്മീഷൻ ഹിയറിംഗുകൾക്കു ശേഷം ഇടക്കാല റിപ്പോർട്ടും സമർപ്പിക്കുകയായിരുന്നു.ഇതിനു ശേഷമാണ് അന്തിമ റിപ്പോർട്ട് കുഹാസിന് കൈമാറിയത്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളിൽ മുന്നിൽ നിന്ന വിദ്യാർത്ഥികളെ ബോധപൂർവം മാർക്ക് വെട്ടിത്തിരുത്തി തോൽപ്പിച്ചുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. സംഭവത്തിൽ ഇന്റെണൽ എക്‌സാമിനർന്മാരായ അനൂപ് സെബാസ്റ്റ്യൻ, ശ്രീകാന്ത്, ഡോ. സുധാകർ എന്നീ അധ്യാപകർക്ക് പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അധ്യാപകർക്ക് വിദ്യാർത്ഥികളോട് വ്യക്തിവിരോധം ഇല്ലെങ്കിലും തോൽവി ഉറപ്പാക്കാൻ ഇന്റേണൽ അധ്യാപകരെ മാനേജ്‌മെന്റ് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആർ. രാജേഷ് എംഎൽഎ ചെയർമാനായി സെനറ്റ് അംഗങ്ങൾ അടങ്ങിയ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ അധ്യാപകർക്കെതിരെ കുഹാസ് നടപടിയെടുത്തേക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More