കാക്കനാട് പെൺകുട്ടിയെ തീ കൊളുത്തി കൊന്ന സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

കാക്കനാട് പെൺകുട്ടിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാഴാഴ്ച പുലർച്ചെയാണ് അത്താണി സലഫി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഷാലന്റെ മകൾ ദേവിക കൊല്ലപ്പെട്ടത്. പ്രണയാഭ്യർത്ഥന നിരസിച്ചതിൽ കലിപൂണ്ട് നോർത്ത് പറവൂർ സ്വദേശിയായ മിഥുനാണ് ദേവികയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. അർധരാത്രിയിൽ ദേവികയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ഇയാൾ കൊല നടത്തിയത്.
വീട്ടിലെത്തി വാതിലിൽ മുട്ടിയപ്പോൾ പിതാവാണ് വാതിൽ തുറന്നത്. ഉടൻ അകത്തേക്കോടിക്കയറിയ യുവാവ് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം തീവക്കുകയായിരുന്നു. തീയിടാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മിഥുനും മരിച്ചു.
സംഭവത്തിൽ കാക്കനാട് ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിയും മരിച്ചതോടെ കേസന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്പത് ശതമാനം പൊള്ളലേറ്റ അച്ഛൻ ഷാലറ്റ് ചികിത്സയിലാണ്.
Read also: നഷ്ടമായത് ക്ലാസ് ലീഡറെ: ഞെട്ടലിൽ നിന്ന് മുക്തരാവാതെ തീകൊളുത്തി കൊല്ലപ്പെട്ട ദേവികയുടെ അധ്യാപകർ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here