മഞ്ചേശ്വരത്ത് പ്രതിപക്ഷത്തിന് പരാജയ ഭയമെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ കപട ഹിന്ദുവെന്ന ചെന്നിത്തലയുടെ പരാമർശം അൽപ്പത്തരമാണ്. റൈ വിശ്വാസിയായതാണ് ചിലരുടെ പ്രശ്‌നം. വിശ്വാസിയായാൽ കുഴപ്പമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
Read Also: ക്ഷേത്ര ദർശനം നടത്തി പത്രിക സമർപ്പണം; സിപിഐഎമ്മിന്റെ പതിവു തെറ്റിച്ച് ശങ്കർ റൈ: വിവാദം
ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാതെ വർഗീയ കാർഡ് ഇറക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി
്ആരോപിച്ചു. മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ചത്.
ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി കൂടുകയാണ്. പഴയ തെറ്റുകൾ തിരുത്താനുള്ള അവസരമായി ഉപതെരഞ്ഞെടുപ്പുകളെ ജനങ്ങൾ കാണുന്നുണ്ടെന്നും അതാണ് പാലായിൽ കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശബരിമലയിലെ ആചാര സംരക്ഷണത്തെ അനുകൂലിച്ച് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ മുന്നോട്ട് വന്നിരുന്നു. ആചാരക്രമം ആര് ലംഘിച്ചാലും അത് തെറ്റാണെന്നും, ശബരിമലയിൽ തത്സ്ഥിതി തുടരണമെന്നും ശങ്കർ റൈ അഭിപ്രായപ്പെട്ടിരുന്നു.
ശബരിമലയിലെ ആചാരങ്ങൾ പാലിക്കേണ്ടതാണ്. വിശ്വാസികൾക്ക് ശബരിമലയിലെ ആചാരമനുസരിച്ച് ദർശനം നടത്താം. വ്രതാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട് യുവതികൾക്കും ശബരിമല ദർശനം നടത്താവുന്നതാണ്, കോടതി വിധിയെ കുറിച്ച് സർക്കാർ പറയട്ടെ എന്നും ശങ്കർ റൈ പറഞ്ഞിരുന്നു.
താൻ വിശ്വസിയായ കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. ആചാരങ്ങൾ പാലിച്ചുകൊണ്ട് ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. തനിക്ക് ഇക്കാര്യത്തിൽ പാർട്ടി വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും കാസർഗോഡ് പ്രസ് ക്ലബ്ബിൽ നടന്ന സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടിയിൽ സംസാരിച്ചുകൊണ്ട് ശങ്കർ റൈ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here