30 മിനിട്ട് സൗജന്യ ടോക്ക്‌ടൈം; ഐയുസി പ്രതിഷേധങ്ങൾ തണുപ്പിക്കാൻ പുതിയ നീക്കവുമായി ജിയോ

ഇതര നെറ്റ്‌വർക്കിലേക്കുള്ള കോളുകൾക്ക് ഇനി മുതൽ മിനിട്ടിന് ആറു പൈസ നിരക്കിൽ ചാർജ് ഈടാക്കുമെന്ന ജിയോയുടെ പ്രഖ്യാപനം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതെളിച്ചത്. ജിയോ ഫ്രീ കോളുകൾ നിർത്തലാക്കുന്നു എന്ന വാർത്തകളെ ജിയോ ഔദ്യോഗികമായി ശരിവെക്കുകയും ചെയ്തു. ഇതോടെ ബോയ്കോട്ട് ജിയോ എന്ന ഹാഷ് ടാഗ് ട്വിറ്റർ ട്രെൻഡിംഗ് ആയതു മുതൽ കൂട്ടമായി പോർട്ട് ചെയ്യുന്നതും വരെയെത്തി കാര്യങ്ങൾ. ജിയോയുടെ പ്രഖ്യാപനം മറ്റു കമ്പനികൾ നനഞ്ഞിടം കുഴിക്കാനുള്ള അവസരമാക്കുകയും ചെയ്തു. ഇതിനിടെയാണ് പ്രതിഷേധം തണുപ്പിക്കാൻ പുതിയ നീക്കവുമായി ജിയോ രംഗത്തെത്തിയത്.
ഉപഭോക്താക്കൾക്ക് മുപ്പതു മിനിട്ട് സൗജന്യ ടോക്ക്ടൈമാണ് ജിയോയുടെ പുതിയ ഓഫർ. പുതിയ പ്ലാനിനു ശേഷമുള്ള ആദ്യ റീചാർജിൽ ഈ ഓഫർ ലഭ്യമാവുമെന്നാണ് വിവരം. ഏഴ് ദിവസത്തേക്കുള്ള ഓഫർ ഈ ഒരു തവണ മാത്രമേ ഉണ്ടാവൂ.
ഐയുസി അഥവാ ഇന്റർ കണക്ട് യുസേജ് ചാർജ് കവർ ചെയ്യാനാണ് നിലവിൽ ഉപഭോക്താക്കളിൽ നിന്നും ജിയോ ഔട്ട്‌ഗോയിംഗ് കോളുകൾക്ക് പണം ഈടാക്കുന്നത്. മിനിട്ടിന് ആറു പൈസയാണ് കോൾ നിരക്ക്. ഒരു ഓപ്പറേറ്ററിൽ നിന്ന് മറ്റൊരു ഓപ്പറേറ്റിലേക്ക് വോയ്‌സ് കോൾ ചെയ്യുമ്പോൾ ഈടാക്കുന്ന തുകയാണ് ഐയുസി. ട്രായ് ആണ് ഐയുസി നിശ്ചയിക്കുന്നത്. മിനിറ്റിന് 6 പൈസയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഐയുസി. ഔട്ട്‌ഗോയിംഗ് കോളുകൾക്കായി ഒരു ഓപറേറ്റർ മറ്റൊരു ഓപറേറ്റർക്ക് ഐയുസി ചാർജ് നൽകണം. അതുപൊലെ തന്നെ ഇൻകമിംഗ് കോളുകൾക്ക് കോൾ ലഭിക്കുന്ന ഓപറേറ്റർക്ക് പണം ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here