ഞെട്ടിക്കാനൊരുങ്ങി നിവിൻ പോളി; ‘മൂത്തോൻ’ ട്രെയിലർ കാണാം

ഗീതു മോഹൻദാസിൻ്റെ സംവിധാനത്തിൽ നിവിൻ പോളി മുഖ്യകഥാപാത്രത്തിലെത്തുന്ന മൂത്തോൻ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. രാജ്യാന്തര ചലച്ചിത്ര മേളകളിലടക്കം മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രത്തിൻ്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിൻ പോളിയിലെ നടനെ കാണാൻ കഴിഞ്ഞു എന്നാണ് പൊതുവിലുള്ള അഭിപ്രായം.
ലക്ഷദ്വീപിൻ്റെ റോ വിഷ്വൽസിൽ നിന്ന് യാത്ര തുടങ്ങുന്ന ചിത്രം മുംബൈ ഗലികളിലെ പരുക്കൻ ജീവിതത്തിലേക്ക് സഞ്ചരിക്കുകയാണ്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥാതന്തു. നിവിൻ പോളിയുടെ പ്രകടനവും ഡാർക്ക് മോഡിലുള്ള മേക്കിംഗും തന്നെയാണ് ചിത്രത്തിൻ്റെ സവിശേഷതയെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. വൈകാരികമായ ചാഞ്ചാട്ടങ്ങളിലൂടെയാണ് നിവിൻ്റെ കഥാപാത്രം കടന്നു പോകുന്നതെന്ന സൂചനയും ട്രെയിലർ നൽകുന്നു.
നവാസുദ്ദീൻ സിദ്ദീഖിയും ഗീതാഞ്ജലി ഥാപ്പയും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച്, ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ‘ലയേഴ്സ് ഡൈസ്’ എന്ന ചിത്രത്തിനു ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ. ചിത്രത്തിൻ്റെ രചനയും ഗീതു തന്നെയാണ്. ഭർത്താവും അറിയപ്പെടുന്ന സിനിമാട്ടോഗ്രാഫറുമായ രാജീവ് രവി സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ഹിന്ദി സംഭാഷണങ്ങള്‍. ഗാങ്‌സ് ഓഫ് വസേപൂർ, ബോംബെ വെല്‍വെറ്റ് തുടങ്ങിയ മികച്ച ചിത്രങ്ങളുടെ ഭാഗമായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ബി അജിത്കുമാർ എഡിറ്റിങ് നിർവഹിക്കുന്നു.
നവംബർ 11ന് ചിത്രം തീയറ്ററുകളിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here