യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; ഭർത്താവ് സെൽജോയെ കോടതി റിമാൻഡ് ചെയ്തു

കാസർഗോഡ് യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സെൽജോയെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്.
കൊല്ലം കുണ്ടറ സ്വദേശി പ്രമീളയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സെൽജോയെ വിദ്യാനഗർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൃതദേഹം പുഴയിൽ തള്ളിയെന്ന് സെൽജോ പറഞ്ഞതിനനുസരിച്ച് തെക്കിൽ പുഴയിൽ രണ്ട് ദിവസം സ്‌കൂബ ഡൈവിംഗ് സംഘമടക്കം തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പ്രമീളയെ കൊലപ്പെടുത്തിയെന്ന മൊഴിയിൽ സെൽജോ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സെൽജോയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പൊലീസ് അപേക്ഷ സമർപ്പിക്കും. മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഇനി നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സെപ്റ്റംബർ 19ന് രാത്രി മുതൽ പ്രമീളയെ കാണാതായെന്ന ഭർത്താവ് സെൽജോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് സെൽജോ. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ കല്ലുകെട്ടി ചാക്ക് കൊണ്ട് പൊതിഞ്ഞ് പുഴയിൽ താഴ്ത്തിയെന്നാണ് സെൽജോ മൊഴി നൽകിയിട്ടുള്ളത്.
11 വർഷം മുൻപ് വിവാഹിതരായ ഇരുവരും കാസർഗോഡ് പന്നിപ്പാറയിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സെൽജോ-പ്രമീള ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.സ്ഥലത്ത് പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here