കൂടത്തായി കൂട്ടക്കൊലപാതകം: ജോളി എല്ലാ കുറ്റങ്ങളും സമ്മതിച്ചെന്ന് എസ്.പി കെ ജി സൈമൺ

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളി എല്ലാ കുറ്റങ്ങളും സമ്മതിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി കെ ജി സൈമൺ. അന്വേഷണത്തിൽ മികച്ച പുരോഗതിയുണ്ടെന്നും എസ്.പി വടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേസന്വേഷണത്തെ പ്രതിരോധിക്കാൻ അറസ്റ്റിന് മുൻപേ ജോളി അഭിഭാഷകന്റെ സഹായം തേടിയിരുന്നു. അഭിഭാഷകന്റെ ഉപദേശം അനുസരിച്ചാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജോളി പ്രതിരോധിച്ചത്. തെളിവുകൾ ജോളി നശിപ്പിച്ചിട്ടുണ്ടാകാം. ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും സൈമൺ പറഞ്ഞു.
അതിനിടെകൊല്ലപ്പെട്ടവരുടെ കല്ലറ തുറക്കാതിരിക്കാൻ ജോളി തന്നെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കൂടത്തായി പള്ളി വികാരി ഫാദർ ജോസഫ് ഇടപ്പാടി രംഗത്തെത്തി. താൻ ഒരു സ്വാധീനത്തിനും വഴങ്ങിയിട്ടില്ലെന്നും നിയമപരമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും ജോസഫ് ഇടപ്പാടി വ്യക്തമാക്കി.
അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. ജോളിയെയും മാത്യുവിനെയും പ്രജുകുമാറിനെയും ഇതുവരെ വെവ്വേറെയാണ് ചോദ്യം ചെയ്തത്. ഇവരെ ഒന്നിച്ച് ചോദ്യം ചെയ്യുന്ന കാര്യം പൊലീസിന്റെ പരിഗണനയിലുണ്ട്. അമേരിക്കയിൽ നിന്ന് ഇന്ന് നാട്ടിലെത്തുന്ന റോയിയുടെ സഹോദരൻ റോജോയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here