ദിലീപിന് ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിനിരയായ നടി സുപ്രിംകോടതിയിൽ

കർശന ഉപാധിയോടെയാണെങ്കിലും നടൻ ദിലീപിന് ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിനിരയായ നടി സുപ്രിംകോടതിയിൽ. നടൻ ദൃശ്യങ്ങൾ കാണുന്നതിന് തടസമില്ല. എന്നാൽ പകർപ്പ് നൽകരുതെന്ന് രേഖാമൂലം സമർപ്പിച്ച വാദമുഖത്തിൽ നടി ആവശ്യപ്പെട്ടു. അതേസമയം, ദിലീപിന്റെ ആവശ്യത്തെ എതിർത്ത് സംസ്ഥാന സർക്കാരും വാദമുഖങ്ങൾ എഴുതിനൽകി.

സ്വകാര്യത മാനിക്കണമെന്ന് ആക്രമണത്തിനിരയായ നടി സുപ്രിംകോടതിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ലഭിക്കാൻ ഏത് ഉപാധിക്കും തയാറാണെന്ന ദിലീപിന്റെ വാദം അംഗീകരിക്കരുത്.

ദൃശ്യങ്ങളിൽ പ്രത്യേകതരം വാട്ടർ മാർക്കിടണമെന്നും ഇതിലൂടെ ഏതു വ്യക്തിക്കാണ് ദൃശ്യങ്ങൾ നൽകിയതെന്ന് മനസിലാക്കാൻ സാധിക്കുമെന്നും ദിലീപ് നിലപാടെടുത്തിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പുറത്തുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നടി വ്യക്തമാക്കി.

പ്രതിയെന്ന നിലയിൽ നടന് ദൃശ്യങ്ങൾ കാണുന്നതിന് തടസമില്ല. വിചാരണക്കോടതിയുടെ അനുമതിയോടെ ഇത് കാണാവുന്നതേയുള്ളുവെന്നും നടി കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ നൽകരുതെന്ന് സംസ്ഥാനസർക്കാരും കോടതിയോട് ആവശ്യപ്പെട്ടു. എല്ലാ വാദമുഖങ്ങളും രേഖാമൂലം കൈമാറിയ സാഹചര്യത്തിൽ ദിലീപിന്റെ ആവശ്യത്തിൽ ഉടൻ വിധി വന്നേക്കുമെന്നാണ് പ്രതീക്ഷ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top