പ്രഫുൽ പട്ടേലിന്റെ കമ്പനിക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമെന്ന് റിപ്പോർട്ട്; എൻഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങി

എൻസിപി നേതാവും എഐഎഫ്എഫ് പ്രസിഡൻ്റുമായ പ്രഫുൽ പട്ടേലിൻ്റെ കമ്പനിക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ദാവൂദ് ഇബ്രാഹിമിൻ്റെ സന്തതസഹചാരിയായ ഇഖ്ബാൽ മിർച്ചിയുമായി പ്രഫുൽ പട്ടേൽ ഭൂമിക്കച്ചവടം നടത്തിയെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ എൻഫോഴ്സ്മെൻ്റ് അന്വേഷണം തുടങ്ങിയെന്നും സൂചനയുണ്ട്.
2000-2007 കാലഘട്ടത്തിൽ ഇഖ്ബാൽ മിർച്ചിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഭൂമി, പ്രഫുൽ പട്ടേലിനും ഭാര്യ വർഷക്കും ഷെയറുള്ള മില്ലേനിയം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റിയെന്ന തരത്തിലുള്ള രേഖകൾ പുറത്തുവന്നിട്ടുണ്ട്. ഈ സ്ഥലത്ത് സീജെ ഹൗസ് എന്ന പേരിൽ ഒരു കെട്ടിടം പിന്നീട് മില്ലേനിയം ഡെവലപ്പേഴ്സ് നിർമ്മിച്ചിരുന്നു. സീജെ ഹൗസ് നിർമ്മിച്ചത് മില്ലേനിയം ഡെവലപ്പേഴ്സും മിർച്ചിയും തമ്മിൽ ചേർന്നാണെന്ന് മിർച്ചിയുടെ രേഖകളിലുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മുംബൈയിലും ബെംഗളൂരുവിലുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ സെർച്ചിൽ സുപ്രധാന രേഖകൾ കണ്ടെടുത്തുവെന്ന് എൻഫോഴ്സ്മെൻ്റ് പറയുന്നു. 18 ആളുകളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇമെയിലുകളും മറ്റു സുപ്രധാന രേഖകളും കണ്ടെടുത്തെന്നും എൻഫോഴ്സ്മെൻ്റ് കൂട്ടിച്ചേർത്തു.
അതേ സമയം, ഇത് വെറും ആരോപണമാണെന്നാണ് പ്രഫുൽ പട്ടേലിൻ്റെ വിശദീകരണം. ഏത് തരത്തിലുള്ള അന്വേഷണവും നടത്താമെന്നും അതിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും പട്ടേൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here