ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസ്; ഒരാൾ അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടക്കൊച്ചി പള്ളുരുത്തി ജനത ജംഗ്ഷൻ മുല്ലോത്ത് കാട് വീട്ടിൽ അനന്തു കൃഷ്ണൻ (27) നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരുൾപ്പെട്ട തട്ടിപ്പ് സംഘം ഫോൺ മുഖാന്തിരവും സാമൂഹ്യ മാധ്യമമായ സ്കൈപ്പ് വഴിയും പരാതിക്കാരനുമായി ബന്ധപ്പെട്ട്, കൊറിയർ അയച്ച പാർസൽ കസ്റ്റംസിൽ കുടുങ്ങിയതായി വ്യാജ വിവരം നൽകുകയായിരുന്നു. പാർസലിൽ ഉണ്ടായിരുന്നത് അഞ്ച് പാസ്പോർട്ട്, ലാപ്ടോപ്പ്, ബാങ്ക് ഡോക്യുമെൻ്റുകൾ, 400 ഗ്രാം എംഡിഎംഎ, വസ്ത്രങ്ങൾ എന്നിവയാണെന്നും ധരിപ്പിച്ചു.ഇതേകുറിച്ച് അറിയില്ലെന്ന് അറിയിച്ചപ്പോൾ ഐഡി മിസ് യൂസ് ചെയ്തതാകാമെന്നും, ബന്ധപ്പെട്ട കേസിൽ നിന്നും ഒഴിവാക്കുന്നതിനാണെന്ന് പറഞ്ഞ് പരാതിക്കാരൻ്റെ ആധാർ വിവരങ്ങൾ അയച്ചു മേടിക്കുകയും ചെയ്തു.
പിന്നീട് ഇഡി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു. പരാതിക്കാരൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 27,49,898 രൂപ തട്ടിപ്പുസംഘത്തിൻ്റെ അക്കൗണ്ടുകളിലേക്ക് ട്രാൻസഫർ ചെയ്യിപ്പിച്ചാണ് പണം തട്ടിയത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ തട്ടിപ്പ് സംഘം കൈക്കലാക്കിയ പണം പലർക്കും അയച്ചുകൊടുത്തിട്ടുള്ളതായി തെളിഞ്ഞു. ഇപ്രകാരം അനന്തു കൃഷ്ണൻ്റെ പള്ളുരുത്തി ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായി മനസിലാക്കാൻ സാധിച്ചു.
ഇതേ തുടർന്ന് ഇയാളെ തെളിവ് ശേഖരിക്കുന്നതിനും, തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനുമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് സംഘത്തിൽപ്പെട്ട ആളാണെന്ന് മനസ്സിലായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ സുനിൽ തോമസ്, എസ് ഐ മാരായ എം.എ.നാസർ, പി.എച്ച്. അബ്ദുൾ ജബ്ബാർ, എ എസ് ഐ മാരായ എം.ഐ നാദിർഷാ, സൂര്യൻ ജോർജ്ജ്, സി പി ഒ മാരായ എം.റ്റി. രതീഷ്, എം.ആർ. രാജേഷ്, എം.ജി. അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Story Highlights : Man arrested for impersonating ED officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here