ഭീകരസംഘടനകള്‍ക്ക് സഹായം: പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. ഇന്നു മുതല്‍ 18 വരെ പാരീസില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് അന്താരാഷ്ട്ര വായ്പകള്‍ അടക്കമുള്ള സാമ്പത്തിക സഹായം ലഭിക്കാന്‍ ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ക്ലീന്‍ ചിറ്റ് അത്യാവശ്യമാണ്. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പ്ലീനറി സമ്മേളനം ഇന്ന് പാരീസില്‍ ആരംഭിക്കുമ്പോള്‍ പാകിസ്താന്‍ ആശങ്കയിലാണ്.

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്റെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തുമോ എന്നതാണ് പാകിസ്താന്‍ നേരിടുന്ന വെല്ലുവിളി. ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നതിന് എഫ്എടിഎഫ് 2018 ജൂണില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയാന്‍ 27 ഇന ആക്ഷന്‍ പ്ലാന്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്ന് ബോധ്യപ്പെട്ടാല്‍ പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്തുമെന്നാണ് സൂചന.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top