ഐഎസ്എൽ പ്രധാന ലീഗ്; 2024 മുതൽ പ്രമോഷനും റെലഗേഷനും: സുപ്രധാന മാറ്റങ്ങളുമായി ഇന്ത്യൻ ഫുട്ബോൾ

ദീർഘകാലാടിസ്ഥാനത്തിലുള്ള സുപ്രധാന മാറ്റങ്ങളുമായി ഇന്ത്യൻ ഫുട്ബോൾ. കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും ഐ.എസ്.എല്‍, ഐലീഗ് അധികൃതരുമായി ചേര്‍ന്ന് ക്വലാലംപുരില്‍ നടന്ന സംയുക്ത യോഗത്തില്‍ അവതരിപ്പിച്ച രൂപരേഖയിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചത്. ഇത് പ്രകാരം ഐലീഗ് രണ്ടാം നിര ലീഗായി ഐഎസ്എൽ രാജ്യത്തെ സുപ്രധാന ലീഗാവും.
രൂപരേഖ അനുസരിച്ച് ഈ സീസണിൽ മാറ്റങ്ങളില്ല. അടുത്ത സീസണിൽ രണ്ട് ഐലീഗ് ക്ലബുകൾക്ക് ഐഎസ്എല്ലിലേക്ക് പ്രവേശനം നൽകും. 2021 സീസണിൽ, 2024 സീസണിലേക്കുള്ള ലീഗിൻ്റെ പേരും ടീമുകളുടെ എണ്ണവും അടങ്ങുന്ന ലീഗ് ഫോർമാറ്റ് പുനക്രമീകരിക്കും. 2022 സീസണിൽ ഐലീഗ് വിജയിക്ക് ഐഎസ്എലിലേക്ക് പ്രവേശനം നൽകും. തൊട്ടടുത്ത വർഷവും (2023) ഐലീഗ് വിജയിക്ക് ഐഎസ്എലിലേക്ക് പ്രവേശനം ലഭിക്കും. ഈ രണ്ട് സീസണുകളിലും ഐലീഗ് ക്ലബുകൾക്ക് സെൻട്രൽ റവന്യൂ ലഭിക്കില്ല. 2024 സീസൺ മുതൽ പ്രമോഷനും റെലഗേഷനും നടപ്പിലാക്കും. കൂടാതെ 2021 സീസണിൽ തീരുമാനിച്ച പ്രകാരം ഒരു ലീഗും ഒരു നോക്കൗട്ട് കപ്പും എന്നത് ഈ സീസൻ മുതൽ നടപ്പിലാവും.
ഇത്രയുമാണ് ഫുട്ബോൾ ഫെഡറേഷൻ ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷനു സമർപ്പിച്ച റോഡ്മാപ്പിലെ രൂപരേഖ. ഈ നീക്കം നടപ്പിലാവുക വഴി ഐലീഗ് രണ്ടാം നിര ലീഗാവും. എത്ര ക്ലബുകൾ റെലഗേറ്റ് ചെയ്യപ്പെടുമെന്നോ പ്രമോട്ട് ചെയ്യപ്പെടുമെന്നോ നിലവിൽ തീരുമാനമായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here