ജപ്പാന്‍ കുടിവെള്ള പദ്ധതി; പണിയില്ലാതെ ഉദ്യോഗസ്ഥര്‍; സര്‍ക്കാരിന് നഷ്ടം കോടികള്‍

1997 ല്‍ തുടങ്ങിയ ജപ്പാന്‍ കുടിവെള്ള പദ്ധതി കാലാവധി അവസാനിച്ചിട്ടും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാത്തതിനാല്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം. പദ്ധതിയുടെ കാലാവധി അവസാനിച്ച് നാലു വര്‍ഷമായിട്ടും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചിട്ടില്ല.

ചീഫ് എന്‍ജിനിയര്‍ അടക്കം 22 ജീവനക്കാരാണ് ജലഭവനിലെ പ്രോജക്ട് ഓഫീസില്‍ പദ്ധതിയുടെ ഭാഗമായുള്ളത്. പ്രതിമാസം 20 ലക്ഷത്തോളം രൂപയാണ് ഇവരുടെ ശമ്പള ഇനത്തിനും ഓഫീസിനുമായി ചെലവാകുന്നത്. നാലുവര്‍ഷംകൊണ്ട് ഈയിനത്തില്‍ മാത്രം സര്‍ക്കാരിന് ചെലവായത് 10 കോടിയോളം രൂപയാണ്.

പദ്ധതി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പ്രോജക്റ്റ് ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കണമെന്നാണ് വ്യവസ്ഥ. പദ്ധതിക്ക് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി നല്‍കിയ വായ്പയുടെ കാലാവധി 2015 ല്‍ അവസാനിച്ചിരുന്നു. പദ്ധതിയിലെ ശേഷിച്ച പണികള്‍ക്ക് സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക ചെലവാക്കുന്നത്.

കൊല്ലം, കോഴിക്കോട് ജില്ലകളിലെ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് നിലവില്‍ പദ്ധതിയുടെ പണികള്‍ അവശേഷിക്കുന്നത്. പ്ലാന്‍ ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ പണികളുടെയും മേല്‍നോട്ടം അതത് ജില്ലകളിലെ പ്രോജക്ട് ഡിവിഷനുകള്‍ക്കാണെന്നിരിക്കെയാണ് പദ്ധതി കാലയളവില്‍ നിയോഗിച്ച 22 ജീവനക്കാര്‍ ഇപ്പോഴും ഓഫീസില്‍ തുടരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top