എൻഡിഎ വിട്ടത് തെറ്റായ രാഷ്ട്രീയ തിരുമാനമായിരുന്നു: ചന്ദ്രബാബു നായിഡു

എൻഡിഎ സഖ്യത്തിലേയ്ക്ക് മടങ്ങാൻ സാധ്യതകൾ തേടി ആന്ധ്രയിലെ തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. എൻഡിഎയിൽ എത്താനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ വിട്ടത് തെറ്റായ രാഷ്ട്രീയ തിരുമാനമായിരുന്നു എന്ന് വിലയിരുത്തിയ സാഹചര്യത്തിൽ മുന്നണിയിലേക്ക് മടങ്ങാൻ അനുവദിക്കണം എന്ന് ചന്ദ്രബാബു നായിഡു ബിജെപി നേത്യത്വത്തൊട് അഭ്യർത്ഥിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ വിട്ടത് തെറ്റായി പോയെന്ന് കഴിഞ്ഞ ദിവസം തെലുങ്ക് ദേശം പാർട്ടിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിലയിരുത്തിയതിന് പിന്നാലെ ആണ് ചന്ദ്രബാബു നായിഡുവിന്റെ പരസ്യപ്രസ്താവന. അതേസമയം ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വം ഇതുവരെ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.
ടിഡിപിയിലെ വിമതനീക്കങ്ങൾ ചന്ദ്രബാബു നായിഡുവിന്റെ ഉറക്കം കെടുത്തുകയാണ്. തന്റെ രാഷ്ട്രീയ അസ്ഥിത്വം പോലും ചോദ്യം ചെയ്യുന്ന വിധത്തിലാണ് ആഭ്യന്തരമായ വിമർശനം നായിഡു നേരിടുന്നത്. ഈ സാഹചര്യത്തിൽ പതിനെട്ടാം അടവ് പയറ്റുകയാണ് നായിഡു.
ബിജെപി നേതാക്കൾ ടിഡിപിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ആവശ്യപ്പെട്ടതായാണ് സൂചനകൾ. എന്നാൽ ചന്ദ്രബാബു നായിഡുവിനോട് ഇനി എന്ത് സമീപനം സ്വീകരിക്കണം എന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാകും വരെ മറ്റൊരു അജണ്ടയും പാർട്ടിയുടെ ലിസ്റ്റിൽ ഇല്ലെന്നാണ് മുതിർന്ന ബിജെപി വക്താക്കളുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here