ഇനി ബൗണ്ടറി എണ്ണി വിജയികളെ തീരുമാനിക്കില്ല; പുതിയ പ്രഖ്യാപനവുമായി ഐസിസി

സമനിലയാകുന്ന മത്സരങ്ങളിൽ ബൗണ്ടറി എണ്ണി വിജയികളെ തീരുമാനിക്കുന്ന നിയമം റദ്ദാക്കി ഐസിസി. സമനിലയാകുന്ന നോക്കൗട്ട് മത്സരങ്ങളിൽ കൂടുതൽ ബൗണ്ടറിയടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്ന നിയമമാണ് ഐസിസി റദ്ദാക്കിയത്. ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെതിരെ ജയിച്ചത് ബൗണ്ടറി എണ്ണത്തിൻ്റെ ബലത്തിലായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കു വഴി തെളിച്ചു. ഇതോടെയാണ് ഐസിസി നിയമം പരിഷ്കരിച്ചത്.
ദുബായിൽ നടന്ന ബോർഡ് മീറ്റിംഗിലായിരുന്നു തീരുമാനം. സെമി, ഫൈനൽ പോലുള്ള നോക്കൗട്ട് മത്സരങ്ങളിൽ സൂപ്പർ ഓവറും സമനിലയാകുകയാണെങ്കിൽ ഒരു ടീം വിജയിക്കുന്നതു വരെ സൂപ്പർ ഓവർ നടത്തുമെന്നാണ് പുതിയ തീരുമാനം. അതേ സമയം, ഗ്രൂപ്പ് ഘട്ടത്തിൽ സമനിലയാകുന്ന മത്സരങ്ങൾ സമനിലയായിത്തന്നെ പരിഗണിക്കും.
ന്യൂസിലൻഡ് 8 വിക്കറ്റ് നഷ്റ്റത്തിൽ 241 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് അത്ര തന്നെ റൺസിന് ഇന്നിംഗ്സിലെ അവസാന പന്തിൽ ഓൾ ഔട്ടായി. സൂപ്പർ ഓവറിൽ ഇരു ടീമുകളും 16 റൺസ് വീതം എടുത്തു. ഇതോടെ കൊടുതൽ ബൗണ്ടറിയടിച്ച ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു. 84 റൺസെടുത്ത് പുറത്താവാതെ നിന്ന ബെൻ സ്റ്റോക്സാണ് ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ടിന് ലോകകിരീടം സമ്മാനിച്ചത്.
കൂടുതൽ ബൗണ്ടറിയടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിച്ചതു കൂടാതെ ബെൻ സ്റ്റോക്സിൻ്റെ ബാറ്റിലിടിച്ച് ബൗണ്ടറി കടന്ന പന്തിന് ഒറ്റ റൺ അധിക ഓവർ ത്രോ നൽകിയതും വിമർശിക്കപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here