മദ്യവും മയക്കുമരുന്നും വാങ്ങാൻ സ്കൂൾ കുത്തിത്തുറന്ന് മോഷണം; വിദ്യാർത്ഥികളടങ്ങുന്ന സംഘത്തെ നെടുമ്പാശേരി പൊലീസ് പിടികൂടി

സ്കൂൾ കുത്തിതുറന്നു ലാപ്ടോപ്പുകളും ആംപ്ലിഫയറും മോഷ്ടിച്ച വിദ്യാർഥികളടങ്ങുന്ന സംഘത്തെ നെടുമ്പാശേരി പൊലീസ് പിടികൂടി. മദ്യവും മയക്കുമരുന്നും വാങ്ങാൻ വേണ്ടിയാണ് ഇവർ കവർച്ച നടത്തിയത്. നായത്തോട് മഹാകവി ജി മെമ്മോറിയൽ ഹൈസ്കൂളിൽ കവർച്ച നടത്തിയ സംഘവുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ഇവർ നായത്തോട് മഹാകവി ജി മെമ്മോറിയൽ ഹൈസ്കൂളിലെ ഓഫീസ് മുറി രാത്രിയിൽ കുത്തിത്തുറന്ന് 3 ലാപ്ടോപ്പുകളും ഒരു ആംപ്ലിഫയറും കവർന്നത്. അങ്കമാലി ചെറിയ വാപ്പാലശ്ശേരി സ്വദേശിയായ വിനു മണിയും രണ്ടു കുട്ടികളും ചേർന്നാണ് സ്കൂളിൽ കവർച്ച നടത്തിയത്.
ലാപ്ടോപ്പുകൾ മൂവരും കൈവശം വയ്ക്കുകയും ആംപ്ലിഫയർ അങ്കമാലിയിലെ സൗണ്ട് സ്ഥാപനത്തിൽ വിൽക്കുകയും ചെയ്തു. അങ്കമാലിയിൽ കഴിഞ്ഞ മാസം മൊബൈൽ ഷോപ്പിൽ നടന്ന മോഷണ ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. 18 വയസ്സ് തികയാത്ത പ്രതികളിലൊരാൾ തൊടുപുഴയിൽ നടന്ന എടിഎം കവർച്ച കേസിൽ പ്രതിയാണ്. ഇയാൾ ജുവനൈൽ ഹോമിലായിരുന്നു. പ്രതികളിലൊരാളായ വിനുമണിക്കെതിരെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനുകളിലായി മൂന്നോളം കേസുകളുണ്ട്. അങ്കമാലി സി.ഐ പി.എം ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here