Advertisement

മുഖ്യമന്ത്രിയുടെ നിർദേശത്തിന് പുല്ല് വില: പൊലീസിൽ വീണ്ടും ദാസ്യപ്പണി

October 15, 2019
Google News 1 minute Read

മുഖ്യമന്ത്രിയുടെയും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും നിർദേശങ്ങൾക്ക് വില കൽപിക്കാതെ കേരള പൊലീസിൽ ദാസ്യപ്പണി വീണ്ടും. എഡിജിപിയുടെ മകൾ പൊലീസുകാരനെ മർദിച്ച സംഭവത്തിന് ശേഷം ഐപിഎസുകാരിൽ നല്ലൊരു ശതമാനവും കൂടെ ഉണ്ടായിരുന്നവരെ പറഞ്ഞ് വിട്ടെങ്കിലും വിവാദം തണുത്തപ്പോൾ കാര്യങ്ങൾ പഴയപടിയായി.

ക്യാമ്പ് ഫോളോവേഴ്‌സ് നിയമനങ്ങൾ പിഎസ്‌സി വഴിയാക്കുമെന്നും കരട് ചട്ടം ഒരു മാസത്തിനകം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിനായിരുന്നു ചട്ടം തയ്യാറാക്കാനുള്ള ചുമതല ഉണ്ടായിരുന്നത്. എന്നാൽ ഐഎഎസ്- ഐപിഎസ് അവിശുദ്ധ കൂട്ട്‌കെട്ട് അതിന് ചുവപ്പ് നാട കെട്ടി.

അതിനിടെ പേരൂർക്കട എസ്എപി ക്യാമ്പിൽ സമീപത്തെ അഗസ്ത്യ പൊലീസ് ക്ലബ് കെട്ടിടനിർമാണത്തിൽ ഇഷ്ടിക ചുമക്കുന്നതും സിമന്റ് കുഴക്കുന്നതും പൊലീസുകാരാണെന്നും പുറത്തായി. എട്ട് പൊലീസുകാരും അഞ്ച് ക്യാമ്പ് ഫോളോവർമാരുമാണ് നിർമാണജോലിയിൽ ഏർപ്പെട്ടിരുന്നത്. ക്യാമ്പ് ഫോളോവർമാരിൽ മൂന്ന് പേർ സ്ഥിരജീവനക്കാരും രണ്ട് പേർ ദിവസവേതനക്കാരും ആണ്. കെട്ടിടനിർമാണ തൊഴിലാളികൾക്ക് കൊടുക്കേണ്ട കാശ് വകമാറ്റി ചെലവഴിച്ചതായും പറയുന്നു.

എസ്എപി കമാൻഡന്റിന് ഇത് സംബന്ധിച്ച് ക്യാമ്പ് ഫോളോവേഴ്‌സ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 1136 പേരുണ്ടായിരുന്ന ക്യാമ്പിൽ ഫോളോവേഴ്‌സ് 840 പേരാണ്. മാസങ്ങൾക്ക് മുമ്പ് 350 പേരെ നിയമിച്ചെങ്കിലും ഇവരിൽ നല്ലൊരു ശതമാനവും ഇപ്പോൾ ഐപിഎസുകാരുടെ വീടുകളിലും പൊലീസ് ക്ലബുകളിലുമാണ് ജോലി ചെയ്യുന്നത്.

നേരത്തെ ഉള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കീഴിൽ രേഖയില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങൾ കേരള പൊലീസ് അസോസിയേഷൻ ശേഖരിച്ചങ്കിലും ഐപിഎസുകാരുടെ സമ്മർദത്തെ തുടർന്ന് പട്ടിക വെളിച്ചം കണ്ടില്ല. ഐപിഎസുകാരുടെ വീട്ടിൽ ദാസ്യപ്പണി എടുക്കേണ്ട ഗതികേടിലാണ് ഭൂരിഭാഗവും. ദാസ്യപ്പണിക്ക് വിസമ്മതിച്ചവർക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥർ കള്ളക്കേസെടുത്ത സംഭവം വരെ ഉണ്ടായി.

മുഖ്യമന്ത്രിക്കും ഡിജിപിക്കും പല തവണ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here