ഉത്സവത്തിരക്കിനിടക്ക് സർക്കീട്ടും ഫോട്ടോ പിടിത്തവും; വൃദ്ധ ദമ്പതികൾ വൈറൽ

ഈ കഴിഞ്ഞ ദുർഗാ പൂജക്കിടെ തിരക്കേറിയ തെരുവിൽ കൈപിടിച്ച് നടന്ന് നീങ്ങുന്ന വൃദ്ധ ദമ്പതികളുടെ ഫോട്ടോകൾ വൈറലാകുന്നു. കൈ പിടിച്ച് ഒപ്പം നടന്നു നീങ്ങുന്ന ഇവരെ പിന്നിൽ നിന്നാണ് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിട്ടുള്ളത്.

ഏറെ പ്രായമായ ഇവരുടെ ചേർത്ത് പിടിക്കലിലെ കരുതലും സ്‌നേഹവും ആരുടെയും കരളലിയിക്കും കരുതല്‍ നിറക്കും.

അഞ്ജാൻ ബാനർജിയാണ് ഫോട്ടോകൾ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ചേർന്നുനിന്ന് സെൽഫിയെടുക്കുന്നതിന്റെ ചിത്രവും അയാൾ പങ്കുവച്ചു.

കുർത്തയും ദോത്തിയും ധരിച്ച അപ്പൂപ്പനും ഗ്രേ-വയലറ്റ് സാരിയിൽ സുന്ദരിയായ അമ്മൂമ്മയും തമ്മിലുള്ള അടുപ്പം ചേർത്തുപിടിച്ചെടുത്ത സെൽഫിയിലും തിരക്കിനിടയിലെ കൈകോർത്ത് പിടിച്ചുള്ള നടത്തത്തിലും നമുക്ക് കാണാം.

വിദേശത്ത് താമസിക്കുന്ന മകൾക്ക് ദുർഗാ പൂജക്ക് നാട്ടിൽ വരാൻ കഴിഞ്ഞില്ല. അവൾ അരികിലില്ലെങ്കിലും പരസ്പരം സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവരെന്ന്  ബംഗ്ലാ ഭാഷയിൽ അഞ്ജാൻ കൊടുത്തിരിക്കുന്ന കുറിപ്പിൽ പറയുന്നു.

പതിനായിരത്തിനടുത്ത് ആളുകൾ ഇഷ്ടപ്പെട്ട പോസ്റ്റ് അയ്യായിരത്തിലധികം ആളുകൾ ഷെയർ ചെയ്തിരിക്കുന്നു. ചിത്രങ്ങൾ  വൈറൽ ആയി തീർന്നിരിക്കുകയാണ്.

നിസാരകാര്യം പോലും വിവാഹമോചനത്തിന് കാരണമാക്കുന്ന ഇക്കാലത്ത് ഇത് പോലെയുള്ള കാഴ്ചകൾ കണ്ണിനും മനസിനും ഒരുപോലെ കുളിർമയേകുന്നതാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top