ലോകകപ്പ് യോഗ്യത: ആദ്യ പകുതിൽ ഇന്ത്യ ഒരു ഗോളിനു പിന്നിൽ

ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൻ്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു ഗോളിനു പിന്നിൽ. ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിൻ്റെ പിഴവിൽ നിന്നാണ് ബംഗ്ലാദേശ് സ്കോർ ചെയ്തത്. 42ആം മിനിട്ടിലായിരുന്നു ഗോൾ.
മത്സരത്തിൽ ഇന്ത്യയാണ് മികച്ച കളി കെട്ടഴിച്ചതെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു. നിറഞ്ഞു കവിഞ്ഞ സാൾട്ട് ലേക്ക്ക് സ്റ്റേഡിയത്തെ സാക്ഷിയാക്കി പന്തുതട്ടിയ ഇന്ത്യയെ എട്ടാം മിനിട്ടിൽ ബംഗ്ലാദേശ് ഒന്നു വിറപ്പിച്ചതാണ്. അതിൽ നിന്നും വളരെ വേഗം കരകയറിയ ഇന്ത്യ ബംഗ്ലാ പ്രതിരോധത്തെ പാവട്ടം പരീക്ഷിച്ചു. 10ആം മിനിട്ടിൽ അനിരുദ്ധ് ധാപ്പയും ആഷിഖും ചേർന്ന ഒരു നീക്കം ഫ്രീകിക്കിൽ അവസാനിച്ചു.
26ആം മിനിട്ടിൽ സഹൽ എടുത്ത ഫ്രീകിക്ക് ഉദാന്ത് സിംഗ് ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് മറിച്ചു നൽകി. പക്ഷേ, ഛേത്രിക്ക് ബോളിനരികിൽ ഓടിയെത്താനായില്ല. 34ആം മിനിട്ടിൽ രാഹുൽ ഭേക്കെയുടെ ത്രോയിൽ തല വെച്ച മൻവീർ സിംഗിൻ്റെ ഷോട്ട് ബംഗ്ലാദേശ് ഗോളി കുത്തിയകറ്റി.
ഇന്ത്യയുടെ ശ്രമങ്ങൾക്കിടെ ബംഗ്ലാദേശ് ആദ്യ വെടിപൊട്ടിച്ചു. സാദുദ്ദീനാണ് ഗോൾ നേടിയത്. ഫാർ പോസ്റ്റിലേക്ക് ചാഞ്ഞിറങ്ങിയ ഒരു ഫ്രീ കിക്ക് കുത്തിയകറ്റാൻ അഡ്വാൻസ് ചെയ്ത ഗുർപ്രീതിനു പിഴച്ചു. അനായാസ ഹെഡർ. പന്ത് വല തുളച്ചു.
ഇതിനിടെ ഒരു പെനൽട്ടിയിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യയുടെ ഡിഫൻസ് ജിങ്കൻ്റെ അഭാവത്തിൽ ശക്തമല്ലെന്നും തെളിയിക്കപ്പെട്ടു. രണ്ടാം പകുതിയിൽ പിന്നിൽ നിന്ന് തിരിച്ചു വരേണ്ട അവസ്ഥയാണ് ഇന്ത്യക്കുള്ളത്. അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here