തൊഴിയൂർ സുനിൽ വധക്കേസ്; പ്രതികൾ മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

സുനിലിനെ കൂടാതെ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് തൊഴിയൂർ സുനിൽ വധക്കേസ് പ്രതികൾ. ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപി നേതാവ് മോഹനചന്ദ്രനേയും തങ്ങൾ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. 24 വർഷം മുമ്പാണ് മോഹനചന്ദ്രനെ കൊലപ്പെടുത്തുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ചങ്ങാടി സ്വദേശി യൂസഫ് കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കഴിഞ്ഞ ദിവസം തിരുവത്ര സ്വദേശി മൊയ്‌നുദ്ദീൻ അറസ്റ്റിലായിരുന്നു. വിദേശത്തുനിന്നെത്തിയ യൂസഫലിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ജംഇയത്തുൽ ഇഹ്‌സാനിയയുമായി ബന്ധമുള്ളവരാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായത്.
1994 ൽ നിരപരാധികളായ നാല് സിപിഐഎം പ്രവർത്തകരെ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റ വിമുക്തരാക്കുകയായിരുന്നു.
ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിൽ 1994 ഡിസംബർ നാലിനാണ് കൊല്ലപ്പെടുന്നത്. ആയുധവുമായെത്തിയ കൊലയാളികൾ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി. തടയാനെത്തിയ സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റി. ഇത് കണ്ട് തടയാനെത്തിയ അച്ഛൻ കുഞ്ഞുമോനെ അടിച്ചുവീഴ്ത്തി. സുനിലിന്റെ അമ്മയുടെ ചെവി മുറിച്ചു മാറ്റി. സഹോദരിമാരെയും ക്രൂരമായി അക്രമിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here