Advertisement

ചെന്നൈയിൻ എഫ്സിയുടെ പ്രകടനം കണ്ടറിയേണ്ടി വരും

October 16, 2019
Google News 1 minute Read

രണ്ട് തവണ ഐഎസ്എൽ ചാമ്പ്യന്മാരായ ക്ലബാണ് ചെന്നൈയിൻ എഫ്സി. മറ്റു ടീമുകളിൽ എടികെ മാത്രമാണ് രണ്ട് തവണ ചാമ്പ്യൻ പട്ടം ചൂടിയിട്ടുള്ളത്. 2017-18 സീസണിൽ ചാമ്പ്യന്മാരായ ചെന്നൈയിൻ കഴിഞ്ഞ സീസണിൽ അവിശ്വസനീയമായ തിരിച്ചടി നേരിട്ടു. ചാമ്പ്യന്മാർ ഫിനിഷ് ചെയ്തത് പോയിൻ്റ് ടേബിളിൽ അവസാനമായിപ്പോയി. ജോൺ ഗ്രിഗറി എന്ന മിടുക്കനായ കോച്ച് വരുന്ന സീസണിനു മുന്നോടിയായി ചില കണക്കുകൂട്ടലുകൾ നടത്തിയിട്ടുണ്ട്. ചില സുപ്രധാന താരങ്ങളെ ഗ്രിഗറി പുറത്താക്കുകയും ചിലരെ ടീമിലെത്തിക്കുകയും ചെയ്തു.

മെയിൽസൺ ആൽവസ്, റാഫേൽ അഗസ്റ്റോ എന്നീ രണ്ട് ക്ലബ് ഇതിഹാസങ്ങളെ പുറത്താക്കിയ ഗ്രിഗറി സികെ വിനീത്, മുഹമ്മദ് റാഫി, ഹാലിചരൻ നർസാരി തുടങ്ങിയ ഇന്ത്യൻ താരങ്ങളെയും കൈവിട്ടു. പകരം ചില ശ്രദ്ധേയമായ സൈനിംഗുകളാണ് അയാൾ നടത്തിയത്.

മുന്നേറ്റത്തിൽ റഷ്യൻ താരം നെരിയസ് വാൾസ്കിസ് ആണ് സുപ്രധാന താരം. മാൾട്ട താരം ആന്ദ്രേ ഷെംബ്രിയാണ് മുന്നേറ്റത്തിലെ മറ്റൊരു വിദേശ താരം. 2015 മുതൽ ക്ലബിലുള്ള ജെജെ, ദീപക് ടാങ്ക്രി, റഹിം അലി തുടങ്ങിയ ഇന്ത്യൻ താരങ്ങൾ കൂടി ചെന്നൈക്കായി ഗോളടിക്കാൻ കളത്തിലിറങ്ങും. വിദേശികളുടെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാവും ചെന്നൈയുടെ ഗോൾ ദാഹം ശമിക്കപ്പെടുക. ജെജെയെ വിശ്വസിക്കാനാവില്ല. മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾ അത്ര മത്സര പരിചയമില്ലാത്തവരുമാണ്.

മധ്യനിരയിലേക്കു വന്നാൽ റൊമാനിയൻ താരം ഡ്രാഗോ ഫിർലെസ്കു, അഫ്ഗാൻ താരം മാസിഹ് സൈഗാനി, ബ്രസീലുകാരൻ റാഫേൽ ക്രിവല്ലാറോ എന്നിവരാണ് വിദേശികൾ. ലാലിൻസുവാല ചാങ്തെ, അനിരുദ്ധ് ഥാപ്പ, തോയ് സിംഗ്, ധൻപാൽ ഗണേഷ് തുടങ്ങി ചില മികച്ച ഇന്ത്യൻ താരങ്ങൾ ഇവരോടൊപ്പം ചേരുന്നതോടെ മധ്യനിര തരക്കേടില്ലെന്ന് കരുതാം.

ലൂസിയൻ ഗോയൻ എന്ന സുപരിചമായ പേരാണ് പ്രതിരോധത്തിലെ അതികായൻ. മുംബൈ സിറ്റി എഫ്സിയിൽ നിന്നെത്തിയ ലൂസിയനൊപ്പം ബ്രസീൽ താരം എലി സാബിയയും വിദേശ കളിക്കാരായി കളത്തിലിറങ്ങും. ഇവർക്കൊപ്പം ജെറി ലാൽറിൻസുവാല, എഡ്വിൻ സിഡ്നി തുടങ്ങിയ ഇന്ത്യൻ കളിക്കാരും അണിനിരക്കുന്ന പ്രതിരോധവും ശരാശരിയാണ്. കരൺജിത് സിംഗാവും വല കാക്കുക.

പോക്കറ്റ് കീറാതെയാണ് ചെന്നൈയിൻ ടീമിനെ ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ശരാശരി എന്ന് വിലയിരുത്താവുന്ന ടീം. മധ്യനിരയൊഴികെ മറ്റു ഡിപ്പാർട്ട്മെൻ്റുകൾ അത്ര ശക്തമല്ല. ജോൺ ഗ്രിഗറിയെത്തന്നെ വിശ്വസിക്കേണ്ടി വരും. കണ്ടറിയണം!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here