‘ചെന്നിത്തല പോയത് ഗവർണർക്കൊപ്പം ചായ കുടിക്കാൻ’ മാർക്ക് ദാനവിവാദത്തിൽ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് കോടിയേരി

ഗവർണറെ കാണാൻ പോയ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. പ്രതിപക്ഷ നേതാവ് എല്ലാ ആഴ്ചയും ഒരിക്കൽ ഗവർണറെ കാണാൻ പോവാറുണ്ട്. ഗവർണർക്കൊപ്പം ചായ കുടിക്കാനാണ് ചെന്നിത്തല പോയത്. ഏതെങ്കിലും മന്ത്രിക്കെതിരെ പരാതി കൊടുക്കുക, ആരിഫ് മുഹമ്മദ് ഖാനെ കണ്ട് ചായ കുടിക്കുക, ചെന്നിത്തലക്ക് ഇതൊരു ഹോബിയായിട്ടുണ്ട്. ഇന്ന് ഒരാൾക്കെതിരെ ആണെങ്കിൽ നാളെ മറ്റൊരാൾക്കെതിരെ അയാൾ പരാതി കൊടുക്കും. അതിൽ ഒരു പുതുമയുമില്ല.
മാർക്ക് ദാനവിവാദത്തിൽ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരീഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ചെന്നിത്തല മാധ്യമങ്ങളെ കണ്ടു. മന്ത്രിക്കെതിരെയും എംജി സർവകലാശാല വിസിക്കെതിരെയും അന്വേഷണം വേണമെന്ന് ചെന്നിത്തല പറഞ്ഞു. മാർക്ക് കൂട്ടി നൽകാൻ മന്ത്രിക്ക് അധികാരമില്ലെന്നും അദാലത്ത് നടത്താർ സർക്കാരിന് എന്തധികാരമെന്ന് അദ്ദേഹം ചോദിച്ചു. സർവകലാശാലകൾ സ്വയം ഭരണ സ്ഥാപനങ്ങളാണ്.
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിർത്തികൊണ്ടുള്ള അന്വേഷണമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.
കെടി ജലീൽ തന്നെയാണ് തെളിവുകൾ ഹാജരാക്കാനും കോടതിയെ സമീപിക്കാനും ഗവർണറെ കാണാനും രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടത്. വിവരാവകാശപ്രകാരമുള്ള ചില രേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു.
എല്ലാ യൂണിവേഴ്സിറ്റികളിലും മാർക്ക് ദാനം തുടക്കമിട്ടത് കെ ടി ജലീലാണെന്നും ഇത് വിസിയുടെയും സിൻഡിക്കേറ്റിന്റെയും തലയിൽ കെട്ടിവെയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ജലീലിന് രക്ഷപെടാൻ ആവില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അയൽക്കാരിക്ക് മാർക്ക് കൂട്ടി നൽകി. വിസിയാണ് ഉത്തരവാദിയെങ്കിൽ പുറത്താക്കാൻ ധൈര്യമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഒരു മാർക്ക് കൂട്ടി നൽകാൻ ശുപാർശ ചെയ്തു. തീരുമാനം പിന്നീട് അദാലത്തിൽ വെക്കുകയാണ് ഉണ്ടായത്.
ആറ് സപ്ളിമെന്ററി പരീക്ഷകളിൽ തോറ്റവരെ വരെ വിജയിപ്പിച്ചിട്ടുണ്ട്. ഒരു സെമസ്റ്ററിൽ 5 മാർക്ക് കൂട്ടിക്കൊടുക്കാനുള്ള തീരുമാനം ദുർവ്യാഖ്യാനം ചെയ്ത് എല്ലാ സെമസ്റ്ററിലും എന്നാക്കി മാറ്റി. എന്നിട്ട് 40 മാർക്ക് വരെ ഇങ്ങനെ നൽകി.
നഴ്സിംഗ് കൗൺസിലിന്റെ അധികാരം മറികടക്കുകയും സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുകയും ചെയ്തു. പരീക്ഷാ കലണ്ടർ വരെ മന്ത്രി തീരുമാനിക്കുന്നുവെന്നും ചെന്നിത്തല. മാർക്ക് ദാനത്തിൽ തുടങ്ങി മാർക്ക് കുംഭകോണത്തിൽ എത്തിനിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേ സമയം, തനിക്കെതിരായ മാർക്ക് ദാനവിവാദം തെരഞ്ഞെടുപ്പ് ഗിമിക്കാണെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു. മാർക്ക് ദാനത്തിൽ താനോ ഓഫീസോ ഇടപെട്ടിട്ടില്ല. ബന്ധു നിയമന വിവാദത്തിൽ പ്രതിപക്ഷം മുമ്പ് ഗവർണറെ കാണാൻ പോയതാണ്. ആ പരാതി പിന്നീട് ചവറ്റ്‌കൊട്ടയിലിട്ടതാണ്. പരാതിയെ ലവലേശം ഭയമില്ലെന്നും മോഡറേഷൻ മാർക്ക് നൽകാൻ സിൻഡിക്കേറ്റിന് അധികാരമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here