Advertisement

വിജയ് ഹസാരെ: വിഷ്ണു വിനോദിന് സെഞ്ചുറി; കേരളത്തിനു ജയം

October 16, 2019
Google News 1 minute Read

വിജയ് ഹസാരെ ട്രോഫിയിൽ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിനു ജയം. ആന്ധ്ര പ്രദേശിനെതിരെ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് കേരളം ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ആന്ധ്ര നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 39.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി കേരളം ജയിച്ചു. ടൂർണമെൻ്റിലെ മൂന്നാം സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണർ വിഷ്ണു വിനോദാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആന്ധ്രക്കായി ബാറ്റിംഗിനിറങ്ങിയ എല്ലാവരും ഇരട്ടയക്കം കണ്ടു. പക്ഷേ, ക്യാപ്റ്റൻ റിക്കി ഭുയി മാത്രമാണ് ക്രീസിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചത്. 58 റൺസെടുത്ത റിക്കി ഭുയി ആണ് ആന്ധ്രയുടെ ടോപ്പ് സ്കോറർ. കരൺ ഷിൻഡെ (38), അശ്വിൻ ഹെബ്ബാർ (31), ബി സുമന്ത് (31*), നരേൻ റെഡ്ഡി (30) എന്നിവരാണ് ആന്ധ്രയുടെ മറ്റു സ്കോറർമാർ. കേരളത്തിനായി ബേസിൽ തമ്പിയും എസ് മിഥുനും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 10 ഓവറിൽ വെറും 15 റൺസ് വഴങ്ങിയായിരുന്നു മിധുൻ്റെ പ്രകടനം.

മറുപടി ബാറ്റിംഗിൽ ഒരിക്കൽ കൂടി ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (1) നിരാശപ്പെടുത്തി. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ഉത്തപ്പയും അഞ്ചാം പന്തിൽ സഞ്ജു സാംസണും (0) പുറത്തായി. ടി-20 ശൈലിയിൽ ബാറ്റ് വീശിയ വിഷ്ണു വിനോദിനൊപ്പം മൂന്നാം വിക്കറ്റിൽ ക്രീസിലൊത്തു ചേർന്ന സച്ചിൻ ബേബി സാവധാനം സ്കോർ ഉയർത്തി. വിഷ്ണുവുമായി 79 റൺസ് കൂട്ടികെട്ടുയർത്തി 19 റൺസെടുത്ത സച്ചിൻ പുറത്തായതിനു പിന്നാലെ ജലജ് സക്സേന ക്രീസിലെത്തി. ഇരുവരും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്.

വിഷ്ണു ആക്രമിച്ചു കളിച്ചപ്പോൾ സക്സേന ക്രീസിൽ പിടിച്ചു നിന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 110 റൺസാണ് പടുത്തിയർത്തിയത്. 89 പന്തുകളിൽ 13 ബൗണ്ടറികളും ഒൻപത് സിക്സറുകളും സഹിതം 139 റൺസെടുത്ത് വിഷ്ണു പുറത്തായി. അഞ്ചാം വിക്കറ്റിൽ പൊന്നം രാഹുലും സക്സേനയും ചേർന്ന 43 റൺസ് കൂട്ടുകെട്ട് കേരളത്തെ ജയത്തിലെത്തിച്ചു. സക്സേന 46 റൺസെടുത്തും രാഹുൽ 27 റൺസെടുത്തും പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here