Advertisement

ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി വ്‌ളാഡിമർ പുടിൻ സൗദിയിൽ നിന്ന് മടങ്ങി

October 16, 2019
Google News 1 minute Read

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സൗദിയിൽ നിന്ന് മടങ്ങി. മേഖലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൽമാൻ രാജാവുമായി അദ്ദേഹം ചർച്ച ചെയ്തു. ഇരുപത് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

റിയാദിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെ യമാമ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ എണ്ണ കയറ്റുമതി ഉൾപ്പെടെയുള്ള സുപ്രധാനമായ ഇരുപത് കരാറുകളിൽ ഒപ്പുവെച്ചു. പ്രതിരോധം, കൃഷി, ആരോഗ്യം, ഐടി തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുകയും ഇരു രാജ്യങ്ങളിലും നിക്ഷേപം വർധിപ്പിക്കുകയും ചെയ്യും.

ഭീകരാക്രമണ ഭീഷണി ഉൾപ്പെടെ അറബ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും രാഷ്ട്ര നേതാക്കൾ ചർച്ച ചെയ്തു. സൗദിയുടെ എണ്ണ സംസ്‌കരണ ശാലകൾക്ക് നേരെ സെപ്തംബർ 14-നു ഉണ്ടായ ഭീകരാക്രമണത്തെ പുടിൻ അപലപിച്ചു. സൗദിയുടെ സഹകരണത്തോടെയല്ലാതെ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ സാധിക്കില്ലെന്ന് വ്‌ളാഡിമർ പുടിൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഈ സന്ദർശനത്തിലൂടെ കൂടുതൽ മെച്ചപ്പെടുമെന്ന് സൽമാൻ രാജാവു പറഞ്ഞു.

90 വർഷത്തിലേറെയായി സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരു രാജ്യങ്ങളുമെന്നും സൗദിയുമായുള്ള വാപാരബന്ധം കഴിഞ്ഞ വർഷം 15 ശതമാനം വർധിച്ചതായും പുടിൻ പറഞ്ഞു. 2007-ലും പുടിൻ സൗദി സന്ദർശിച്ചിരുന്നു. ആദ്യമായി സൗദി സന്ദർശിക്കുന്ന റഷ്യൻ പ്രസിഡന്റ് ആണ് വ്‌ളാഡിമർ പുടിൻ. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം റഷ്യൻ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here