‘ആകാശഗംഗ 2’ : ട്രെയ്‌ലർ പുറത്തിറക്കാന്‍ താരരാജാക്കന്മാര്‍

സംവിധായകൻ വിനയൻ ആകാശഗംഗ എന്ന തന്‍റെ ചിത്രത്തിനൊരുക്കിയ രണ്ടാം ഭാഗം തീയറ്ററുകളിൽ എത്തുന്നു. കേരള പിറവി ദിനത്തിൽ ആണ് സിനിമയുടെ റിലീസ്. മലയാളത്തിലെ പ്രേതപ്പടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് ആകാശഗംഗ.
20 വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ തന്നെയാണ് സിനിമയുടെ രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി നിരവധി പേർ സിനിമയിലുണ്ട്.
ചിത്രത്തിന്റെ ട്രെയ്‌ലർ ഒക്ടോബർ 18ന് വൈകിട്ട് ആറുമണിക്ക് മമ്മൂട്ടിയും മോഹൻലാലും അവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തിറക്കും. സംവിധായകൻ വിനയൻ തന്നെയാണിത് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, രമ്യ കൃഷ്ണൻ, പ്രവീണ, തെസ്‌നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ.
ആകാശ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാൽവിൻ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: ബോബൻ, മേക്കപ്പ്: റോഷൻ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്.
ചിത്രത്തിൻറേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളപ്പിറവി ദിവസം റിലീസ് ചെയ്യുന്ന ‘ആകാശഗംഗ2’ വിൽ നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ടെന്ന് വിനയൻ മുമ്പ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കുമെന്നും സംവിധായകൻ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here