ഷെയ്ൻ നിഗമിന് പിന്തുണയുമായി മേജർ രവി

നിർമാതാവിൽ നിന്ന് വധഭീഷണി നേരിട്ട നടൻ ഷെയ്ൻ നിഗമിന് പൂർണ പിന്തുണയുമായി മേജർ രവി. ആരുടേയും പിന്തുണയില്ലാതെ ഉയർന്ന് വരുന്നവരെ നിരുത്സാഹപ്പെടുത്തരുതെന്ന് മേജർ രവി പറഞ്ഞു. സ്വയം പരിശ്രമിച്ചാണ് ഷെയ്ൻ മലയാളം സിനിമയിൽ സ്ഥാനമുറപ്പിച്ചത്. മോശപ്പെട്ട മാതൃക മലയാളം സിനിമാ ഇൻഡസ്ട്രിയിൽ സൃഷ്ടിക്കരുതെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ഷെയ്‌നിന് പരസ്യ പിന്തുണ നൽകുന്ന ചലച്ചിത്ര മേഖലയിലെ ആദ്യത്തെ ആൾ കൂടി ആണ് മേജർ രവി.
നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം തന്നെയാണ് രംഗത്തെത്തിയത്. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിർമാതാവാണ് ജോബി ജോർജ്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ വ്യക്തമാക്കിയത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തിൽ പൂർത്തീകരിച്ച് ഷെയ്ൻ കുർബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ൻ വരുന്നത്. വെയിലിൽ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ൻ എത്തുന്നത്. കുർബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാൽ പിന്നിലെ മുടി മുറിച്ചു. ഇതിന്റെ പേരിലാണ് ജോബി ജോർജ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ വ്യക്തമാക്കിയത്.
സംഭവത്തിൽ ഷെയ്ൻ നിഗം താരസംഘടന അമ്മയ്ക്ക് പരാതി നൽകിയിരുന്നു. ജോബി ജോർജ് നടത്തിയ ഭീഷണിയുടെ വോയിസ് മെസേജ് അടക്കമാണ് സെക്രട്ടറി ഇടവേള ബാബുവിന് ഷെയ്ൻ പരാതി നൽകിയത്. അതിനിടെ ഷെയ്ൻ നിഗമിനെതിരെ ജോബി ജോർജ് വധഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്തുവന്നു. തന്നെ പറ്റിച്ച് കേരളത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ജോബി ജോർജ് പറയുന്നുണ്ട്. ഷെയ്ൻ നിഗമിന്റെ ഒരു സിനിമ പോലും കേരളത്തിൽ ഓടില്ലെന്നും അഭിനയിക്കാൻ അനുവദിക്കില്ലെന്നും ജോബി ഭീഷണി മുഴക്കി. അതേസമയം, ഷെയ്‌ന്റെ ആരോപണങ്ങളെ തള്ളി ജോബി ജോർജും രംഗത്തെത്തി. പണം വാങ്ങിയ ശേഷം ഷെയ്ൻ അഭിനയിക്കാൻ എത്തിയില്ലെന്നാണ് ജോബി ജോർജിന്റെ വാദം. 30 ലക്ഷത്തിന് പുറമെ പത്ത് ലക്ഷം കൂടി ഷെയ്ൻ ആവശ്യപ്പെട്ടു. ഇതിന് ശേഷം സിനിമയുടെ ബാക്കി ഭാഗം അഭിനയിക്കാൻ നടൻ എത്തിയില്ലെന്നാണ് ജോബിയുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here