സാമ്പത്തിക പ്രതിസന്ധി; പ്രതിപക്ഷത്തെ പഴിചാരി രക്ഷപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു; മന്‍മോഹന്‍സിംഗ്

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ സമയം പ്രതിപക്ഷത്തെ പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്‍മോഹന്‍സിംഗ് കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്രാ കോ ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. 16 ലക്ഷം നിക്ഷേപകരെയാണ് ബാങ്കിന്റെ തകര്‍ച്ച ബാധിച്ചത്. നിക്ഷേപകരെ ആകര്‍ഷിക്കുന്ന നീക്കങ്ങള്‍ നടത്തുന്നതിന് ബിജെപി സര്‍ക്കാരോ മഹാരാഷ്ട്ര സര്‍ക്കാരോ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍സിംഗ് പ്രധാന മന്ത്രിയും രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്ന കാലഘട്ടം ബാങ്കുകളുടെ ഏറ്റവും മോശം സമയമായിരുന്നുവെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞതിനു പിന്നാലെയാണ് മന്‍മോഹന്‍സിംഗിന്റെ പ്രതികരണം. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന താന്‍ കണ്ടു. അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ല. സര്‍ക്കാര്‍ തെറ്റുകള്‍ തിരുത്തുന്നതിന് തയാറാകുന്നതിനു പകരം പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇപ്പോഴെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ തിരിച്ചുകൊണ്ടുവരാനാവാത്ത വിധം സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയ്ക്കു കീഴിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സില്‍ ഇന്ത്യന്‍ സാമ്പത്തിക നയങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ മന്‍മോഹന്‍സിംഗിനും രഘുറാം രാജനുമെതിരെ ആരോപണമുന്നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here