ഐഎൻഎക്സ് മീഡിയ കേസ്; സിബിഐ കേസിൽ പി ചിദംബരത്തിന്റെ ഹർജി ഇന്ന് പരിഗണിക്കും

ഐഎൻഎക്സ് മീഡിയയുമായി ബന്ധപ്പെട്ട സിബിഐ കേസിൽ പി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി ജാമ്യം നിരസിച്ചതിനെയാണ് ചിദംബരം ചോദ്യം ചെയ്യുന്നത്.
എന്നാൽ, സാക്ഷികളെ സ്വാധീനിക്കാൻ ചിദംബരം ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് സിബിഐയുടെ വാദം. നിലവിൽ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം.
ഐഎൻഎക്സ് മീഡിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ സെപ്റ്റംബർ അഞ്ചിനാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കുന്നത്. എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ പ്രത്യേക സെല്ലും വീട്ടിൽ പാകം ചെയ്ത ഭക്ഷണവും വെസ്റ്റേൺ ശുചിമുറികളും മരുന്നുകളും ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
അതേസമയം, എസി വേണമെന്ന ആവശ്യത്തെ എൻഫോഴ്സ്മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു. ചിദംബരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും വീട്ടിൽ നിന്നുള്ള ഭക്ഷണവും വെസ്റ്റേൺ ടോയ്ലെറ്റും അനുവദിക്കുമെന്നും കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി നൽകുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here