സെവൻസിൽ വിദേശി താരങ്ങളുടെ എണ്ണം കുറയ്ക്കാൻ നീക്കം

മലപ്പുറം ജില്ലയിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ വിദേശതാരങ്ങളുടെ എണ്ണം കുറക്കാൻ നീക്കം. ഒരു വിഭാഗം ടീം മാനേജർമാരാണ് തദേശീയരായ താരങ്ങൾക്ക് അവസരം നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി വിദേശികളുടെ എണ്ണം കുറക്കാൻ വാദിക്കുന്നത്. ടീമിൽ മൂന്ന് വിദേശ താരങ്ങളെന്നത് രണ്ടാക്കി കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ വിദേശതാരങ്ങളുടെ എണ്ണം കുറച്ചാൽ കാണികളുടെ എണ്ണം കുറയുമെന്ന് മറ്റു ചില ടീം മാനേജർമാർ പറയുന്നു. വരുന്ന സീസണിലേക്കുള്ള ടീമുകളെ നേരത്തെ തന്നെ രൂപപ്പെടുത്തിയതിനാൽ ഇനി അതിൽ മാറ്റം വരുത്തുക ബുദ്ധിമുട്ടാണെന്ന് ഇവർ പറയുന്നു. വിഷയത്തിൽ, നവംബർ 17ന് നടക്കുന്ന സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും സെവൻസ് കളിക്കാൻ വിദേശതാരങ്ങളെത്തുന്നത്. ഒരു കളിയിൽ 1500 മുതൽ 5000 രൂപ വരെ പ്രതിഫലം വാങ്ങുന്ന ഇവർ സെവൻസ് മൈതാനങ്ങളിലെ സ്ഥിര സാന്നിധ്യമാണ്. ഇവരുടെ ഭക്ഷണവും താമസവുമടക്കമുള്ള ചെലവുകളും ടീമുകളാണ് വഹിക്കേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here